വിനോദ സഞ്ചാരികളെ അക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

Posted on: September 9, 2014 12:54 am | Last updated: September 9, 2014 at 12:54 am
SHARE

ആലപ്പുഴ: ബീച്ചില്‍ വിദേശ വിനോദ സഞ്ചാരികളെ അക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി.
ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ച കേസില്‍ ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡിലെ ഷാ മന്‍സിലിലെ റമീസ് നൗഷാദ് (21), ജില്ലാ കോടതി വാര്‍ഡ് ഹനീഫാ മന്‍സിലില്‍ അസറുദ്ദീന്‍ ഷാനവാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ജാസ്ഫര്‍ കാനന്‍, വില്യം എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയ ആറംഗ സംഘം ശനിയാഴ്ച രാത്രിയാണ് ആലപ്പുഴ ബീച്ചില്‍ യുവാക്കളുടെ ആക്രമണത്തിനിരയായത്. രാത്രി പത്തുമണിയോടെ ആലപ്പുഴ ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്‌പെയിനില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളായ വനിതകളോട് യുവാക്കള്‍ അപമര്യാദയായി പെറുമാറുകയും വനിതകളുടെ കൈയില്‍ കയറി പിടിക്കുകയും ചെയ്തു. വനിതകള്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയ സംഘത്തിന്റെയടുക്കല്‍ അഭയം തേടി. ഇതോടെ, സംഭവത്തില്‍ ഇടപെട്ടതിന്റെ പേരില്‍ ഇംഗ്ലണ്ട് സംഘത്തോടും യുവാക്കള്‍ മോശം പെരുമാറ്റം തുടര്‍ന്നു. ഇംഗ്ലണ്ട് സംഘം താമസസ്ഥലത്തേക്കു മടങ്ങിയെങ്കിലും ഇവരെ പിന്തുടര്‍ന്നെത്തിയ റമീസും അസറുദിനും പട്ടിക കൊണ്ട് തലക്കടിക്കുകയും തള്ളിയിടുകയുമായിരുന്നു. ജാസ്ഫര്‍ കാനനു തലക്കു മുറിവേറ്റു. വില്യമിനും പരുക്കുണ്ട്. സംഭവത്തെക്കുറിച്ച് ഇവര്‍ പോലീസിലും എംബസിക്കും പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here