Connect with us

Kerala

ഹജ്ജ് യാത്രക്ക് ഇനി നാല് ദിവസം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് നാല് ദിവസം കൂടി മാത്രം. 14ന് വൈകിട്ട് നാല് മണിക്ക് 300 ഹാജിമാരുമായി ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിമാനം ഫഌഗ് ഓഫ് ചെയ്യും. നേരിട്ട് ജിദ്ദയിലേക്കാണ് വിമാനം പറക്കുക.
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരുള്‍പ്പടെ 6,800 ഓളം ഹാജിമാര്‍ ഈ വര്‍ഷം കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിനു പുറപ്പെടും. ലക്ഷദ്വീപില്‍ നിന്ന് 298 ഉം മാഹിയില്‍ നിന്ന് 30 ഉം ഹാജിമാരുമാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി പുറപ്പെടുന്നത് .6750 ഹാജിമാരുടെ പാസ്‌പോര്‍ട്ട് എത്തിക്കഴിഞ്ഞു.
ഹജ്ജ് സെല്‍ ഓഫീസറായി െ്രെകം ബ്രാഞ്ച് എസ് പി . യു അബ്ദുല്‍ കരീമിനെ സര്‍ക്കാര്‍ നിയമിച്ചു. പത്തിനു അദ്ദേഹം ചുമതലയേല്‍ക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരീക്ഷകരായ ബിലാല്‍ അന്‍സാരി, പട്ടേല്‍ മുഹമ്മദ് മുഖ്താര്‍, ശൈഖ് മുഹമ്മദ് സഫര്‍ ഫക്കീര്‍ എന്നിവര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ഇവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലെ അഭ്യന്തര ടെര്‍മിനലായിരിക്കും ഹജ്ജ് ടെര്‍മിനലായി പ്രവര്‍ത്തിക്കുക. 400 പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യത്തിനു പുറമെ നിസ്‌കരിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പ് പ്രത്യേക ബസില്‍ ഹാജിമാരെ വിമാനത്താവളത്തിലെത്തിക്കും.
ഹജ്ജ് ക്യാമ്പ് 13നു ആരംഭിക്കും. വൈകിട്ട് നാലിനു പുറപ്പെടുന്ന വിമാനത്തിലെ ഹാജിമാര്‍ പുലര്‍ച്ചെ ആറിനും ഏഴിനു മിടയില്‍ ഹജ്ജ് ക്യാമ്പില്‍ എത്തണം. ദൂരെ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തലേദിവസം രാത്രിയിലും എത്താവുന്നതാണ്. ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് ഈ മാസം 13 മുതല്‍ ഫറോക്കില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട് .
10 കിലോ ഹാന്‍ഡ് ബാഗിനു പുറമെ 45 കിലോ ലഗ്ഗേജ് ഓരോ ഹാജിക്കും കൊണ്ടുപോകാം. ലഗ്ഗേജ് 20, 25 കിലോ തൂക്കമുള്ള രണ്ട് ബാഗുകളായിരിക്കണം. ഒരു ഹാജിക്ക് അഞ്ച് കിലോ സംസം വെള്ളം കൊണ്ടുവരുന്നതിനേ അനുമതിയുള്ളൂ.
ഹാജിമാര്‍ക്ക് മദീനയില്‍ ഹജ്ജ് കമ്മിറ്റി വക ഭക്ഷണം സൗജന്യമായിരിക്കും. കാലത്തും ഉച്ചക്കും രാത്രിയിലുമായിരിക്കും ഭക്ഷണം നല്‍കുക. എട്ട് ദിവസത്തെ ഭക്ഷണത്തിനു ഒരു ദിവസം 15 റിയാല്‍ എന്ന തോതില്‍ 120 റിയാലാണ് ഭക്ഷണത്തിനു ഈടാക്കുന്നത്. ഹാജിമാര്‍ നേരത്തെ അടച്ച തുകയില്‍ ഭക്ഷണത്തിന്റെ കൂടി തുക ഉള്‍പ്പെട്ടതിനാല്‍ വീണ്ടും പണം അടക്കേണ്ടതില്ല.
സഊദി എയര്‍ലൈന്‍സ് തന്നെയാണ് ഈ വര്‍ഷവും ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുത്തത്. 14നു ആരംഭിക്കുന്ന ഹജ്ജ് യാത്ര 28നു അവസാനിക്കും. 16, 20, 24, 28 തിയതികളില്‍ രണ്ട് വിമാനങ്ങള്‍ ഉണ്ടായിരിക്കും.
മദീന വഴിയായിരിക്കും ഹാജിമാരുടെ മടക്ക യാത്ര. ഒക്‌ടോബര്‍ 20ന് ആരംഭിക്കുന്ന മടക്ക യാത്ര നവംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. 22, 26, 30 നവംബര്‍ മൂന്ന് തീയതികളില്‍ രണ്ട് വിമാനം ഉണ്ടായിരിക്കും. അതിനിടെ ആദ്യം പുറത്തിറക്കിയ ഹാജിമാരുടെ യാത്രാ വിവര പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ യാത്രാ ദിവസം, വിമാനം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest