Connect with us

Kannur

മനോജ് വധക്കേസ്: സി ബി ഐ എത്താന്‍ വൈകും

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ എളന്തോട്ടില്‍ മനോജ് വധക്കേസന്വേഷണം ഇക്കഴിഞ്ഞ ശനിയാഴ്ച സി ബി ഐക്ക് വിട്ട് നല്‍കിയിരുന്നെങ്കിലും തലശ്ശേരിയില്‍ ഇവരെത്താന്‍ ഇനിയും വൈകും. ആദ്യം ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങണം. പിന്നീട് കേസ് ഏറ്റെടുത്തതായുള്ള അറിയിപ്പ് സി ബി ഐ ആസ്ഥാനത്ത് നിന്നും ഉണ്ടാകണം. നിയമവഴിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമെ സി ബി ഐയുടെ ഏത് വിംഗാണ് അന്വേഷണ ചുമതല നിര്‍വഹിക്കുകയെന്ന് വ്യക്തമാകുകയുള്ളൂ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കിഴക്കേ കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് കൊല്ലപ്പെട്ടത്.
മാരുതി ഓംനിയില്‍ തലശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടയില്‍ ഉക്കാസ്‌മെട്ട-കിഴക്കേ കതിരൂര്‍ റോഡിലെ തിട്ടയില്‍ മുക്കില്‍ വെച്ച് വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവ സമയം മനോജിനൊപ്പം വാനിലുണ്ടായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊളപ്രത്ത് പ്രമോദിനും വെട്ടേറ്റിരുന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രമോദില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇതോടെ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി അറിയുന്നു.
ആര്‍ എസ് എസ് നേതാവിനെ വകവരുത്തുകയും പ്രമോദിനെ അക്രമിക്കുകയും ചെയ്യുന്നതിനിടയില്‍ മുഖ്യപ്രതിക്ക് മുഖത്ത് പരുക്കേറ്റിരുന്നതായി വിവരം പുറത്തുവന്നു. സാരമായി പരുക്കേറ്റതായുള്ള സൂചനകള്‍ സാക്ഷിമൊഴികളിലും ഉള്ളതായാണ് അറിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല. കൊലപാതകത്തിലെ മുഖ്യപ്രതിക്ക് പരുക്കേറ്റതിലൂടെ രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും പതിവ് നിഗമനങ്ങള്‍ തകിടം മറിയുകയാണ്. ഇയാളെ ചികിത്സക്ക് എത്തിച്ചവരെ പറ്റി കതിരൂരിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഏകദേശ ധാരണയുണ്ട്. എന്നാല്‍ തെളിവുകളിലൂടെ ഇതിന്റെ ആധികാരികത ഉറപ്പിക്കാനുള്ള ശ്രമം ക്രൈം ബ്രാഞ്ചിനാണ്. സി ബി ഐ കേസ് ഏറ്റെടുക്കുന്നതിനിടയില്‍ പരമാവധി തെളിവുകള്‍ ഏകോപിപ്പിച്ച് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുള്ളത്.

 

---- facebook comment plugin here -----

Latest