Connect with us

Ongoing News

മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമം

Published

|

Last Updated

പാലക്കാട്: ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പുറമെ വിവാദ വ്യവസായി വി എം രാധാകൃഷ്ണനും മകന്‍ നിഥിന്‍ രാധാകൃഷ്ണനും പ്രതിയായ മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസ് അട്ടിമറിക്കാന്‍ അണിയറ ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ. പി ബാലസുബ്രഹ്മണ്യനെ സ്ഥലം മാറ്റി. അന്വേഷണ സംഘത്തില്‍ ഇതുവരെ സ്ഥലം മാറ്റാതിരുന്ന ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് പരാതി. 2005 മുതല്‍ 2007 വരെ അധിക വിലക്ക് സിമന്റ് ബാഗ് വാങ്ങിയതില്‍ മലബാര്‍ സിമന്റ്‌സിന് 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. വി സി/8/2011 ആയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍, മകന്‍ നിഥിന്‍ രാധാകൃഷ്ണന്‍, മലബാര്‍ സിമന്റസ് എം ഡി, ജനറല്‍ മാനേജര്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകള്‍ പലഘട്ടങ്ങളില്‍ ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നത്. ഡി വൈ എസ് പി സഫിയുല്ല സയ്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം സംഘം. ഈ സംഘത്തിലെ അംഗങ്ങളെ പലഘട്ടങ്ങളിലായി സ്ഥലം മാറ്റിയിരുന്നു. കേസ് അന്വേഷണം തുടങ്ങിയത് മുതല്‍ സ്ഥലം മാറാതെ നിന്നിരുന്ന എ എസ് ഐ. പി ബാലസുബ്രഹ്മണ്യനെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്.
വിജിലന്‍സ് പാലക്കാട്ട് റേഞ്ചില്‍ നിന്ന് കണ്ണൂര്‍ റേഞ്ചിലേക്കാണ് സ്ഥലം മാറ്റം. ആഗസ്റ്റ് 30ന് ഉത്തരവിറങ്ങി. അന്വേഷണം സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സ്ഥലം മാറ്റം. ഇതോടെ കേസ് ആദ്യം മുതല്‍ അന്വേഷിച്ച ആരും ഇല്ലാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. കുറ്റംപത്രം സമര്‍പ്പിക്കുന്നത് വൈകാനും രേഖകളും തെളിവുകളും പൂര്‍ണ്ണമായി കോടതിയില്‍ ഹാജരാക്കുന്നത് തടസ്സം വരുന്നതിനും ഇത് ഇടയാകും. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആരോപണം. സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
2006, 11 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം കൂടി 25 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ഈ അഴിമതി കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടര്‍ന്നാണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ഇതൊരു കൊലപാതകമാണെന്നാണ് പല സംഘടനകളും ആരോപിക്കുന്നത്.
സഹാചര്യ തെളിവുകള്‍ ഈ ആരോപണത്തിന് ഫലം നല്‍കിയെങ്കിലും പോലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സി ബി ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സി ബി ഐ അന്വേഷണവും ശശീന്ദ്രന്റെ മരണത്തിലെ ദൂരുഹത നീക്കാതെ ആത്മഹത്യയെന്ന് എഴുതി തള്ളുകയാണെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതി. സി ബി ഐ അന്വേഷണറിപ്പോര്‍ട്ടിന് പുറകെ മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.