അട്ടപ്പാടിയില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാക്കനി

Posted on: September 9, 2014 12:32 am | Last updated: September 9, 2014 at 12:32 am
SHARE

പാലക്കാട്: അട്ടപ്പാടി മേഖഖലയില്‍ ആദിവാസികളുടെ പുരോഗമനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമെന്ന് അവകാശപ്പെടുമ്പോഴും കുടിവെള്ളം പോലും ലഭിക്കാതെ ആദിവാസികള്‍ വലയുന്നു. അട്ടപ്പാടിയില്‍ വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ നവജാത ശിശുക്കള്‍ മരിച്ചു വീണ് കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ തൊഴില്‍ മേഖല കൂടി സ്തംഭിച്ചതോടെ ഭക്ഷണത്തിനും ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഇവിടത്തുകാര്‍ക്ക് ആശ്രയമായിരുന്ന തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാണിപ്പോള്‍. നാല് മാസമായി വേതനം കിട്ടിയിട്ടില്ല. മണല്‍, കരിങ്കല്‍ നിരോധനത്തോടെ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചു. രണ്ടായിരത്തിലധികം ആദിവാസികളാണ് ക്വാറികളില്‍ പണി ചെയ്തിരുന്നത്. മറ്റ് നിര്‍മാണത്തൊഴിലാളികളും പണിയില്ലാതെ ദുരിതത്തിലാണ്.
കാര്‍ഷിക മേഖല പ്രതിസന്ധിയായതോടെ കര്‍ഷകരും തൊഴിലാളികളും ഒരുപോലെ വലയുകയാണ്. അഹാഡ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ആ മേഖലയിലെ തൊഴിലും ഇല്ലാതായി. തൊഴില്‍ തേടി പലരും അന്യ ജില്ലകളിലേക്കും അയല്‍ സംസ്ഥാനത്തിലേക്കും പോകുകയാണ്. കിഴക്കന്‍അട്ടപ്പാടിക്കാര്‍ ഭൂരിപക്ഷവും തമിഴ്‌നാട്ടിലെ ഇഷ്ടികക്കമ്പനികളിലും ബനിയന്‍ കമ്പനികളിലും തുച്ഛ വേതനത്തില്‍ തൊഴില്‍ ചെയ്യുകയാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് അട്ടപ്പാടിനിവാസികളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇവിടുത്തെ നിര്‍മാണപ്രവൃത്തികള്‍ മുടങ്ങാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കാരണമായി. വീട് വെക്കുന്നതിന് നാല് സെന്റ് സ്ഥലത്തെ മണ്ണ് നീക്കാന്‍പോലും അനുവാദമില്ലാതായി. ഇതിന് പുറമെയാണ് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടാതെ ആദിവാസികളുടെ നെട്ടോട്ടം.
സംസ്ഥാനത്തെങ്ങും പെയ്യുന്ന മഴ കിഴക്കന്‍ അട്ടപ്പാടിയില്‍ ലഭിക്കാത്തതാണ് കുടിവെള്ള ക്ഷാമത്തിനിടയാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ കലക്ടര്‍ ഇടപെട്ട് നടത്തിയിരുന്ന കുടിവെള്ള വിതരണമാണ് അട്ടപ്പാടിക്കാരുടെ ദാഹമകറ്റിയിരുന്നത്.
ആറ് കോടി രൂപ ചെലവില്‍ ടാങ്കര്‍ ലോറിയിലാണ് പുതൂരിലേയും ഷോളയൂരിലേയും ആദിവാസി ഊരുകളില്‍ കുടിവെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ ജില്ലയില്‍ മഴ കനത്തതോടെ വിവിധ മേഖലകളില്‍ കുടിവെള്ള വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് അട്ടപ്പാടിയിലും കുടിവെള്ള വിതരണം നിര്‍ത്തി. ഈ നടപടിയാണ് അട്ടപ്പാടിക്കാരെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളി വിട്ടിരിക്കുന്നത്. പുതൂരിലേയും ഷോളയൂരിലേയും പല ഊരുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ് ഇപ്പോള്‍. 33 ആദിവാസി കുടംബങ്ങളുള്ള വീട്ടിക്കുണ്ടിലാണ് ക്ഷാമം ഏറ്റവും രൂക്ഷം.