പി എസ് സി സംവരണം അട്ടിമറിച്ച് നിയമനം തുടരുന്നു; പ്രൊമോഷനില്ലാതെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

Posted on: September 9, 2014 12:32 am | Last updated: September 9, 2014 at 12:32 am
SHARE

fireതൃശൂര്‍: പി എസ് സി സംവരണം അട്ടിമറിച്ച് ഫയര്‍ ഫോഴ്‌സില്‍ നിയമനം തുടരുന്നതുമൂലം പ്രൊമോഷനില്ലാതെ ഒരു വിഭാഗം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. 1995 മുതലാണ് ഫയര്‍ ഫോഴ്‌സില്‍ പി എസ് സി വഴി നിയമനം തുടങ്ങിയത്. എന്നാല്‍ 1998ല്‍ നിലവില്‍ വന്ന സ്‌പെഷ്യല്‍ റൂള്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണം പാലിക്കാതെയാണ് ഇപ്പോള്‍ ഫയര്‍ഫോഴ്‌സില്‍ നിയമനം നടത്തുന്നത്. നിയമ വിരുദ്ധമായ സ്‌പെഷ്യല്‍ റൂള്‍ പരീക്ഷയുടെ മറവില്‍ സ്വാധീനമുള്ളവര്‍ക്ക് നിയമനവും പ്രൊമോഷനും എന്ന അവസ്ഥയാണ് ഫയര്‍ ഫോഴ്‌സില്‍ നിലനില്‍ക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്‌പെഷ്യല്‍ റൂള്‍ പരീക്ഷയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതുമൂലം സംവരണവും അട്ടിമറിക്കപ്പെടുന്നു.

പി എസ് സിയുടെ അഡൈ്വസ് മെമ്മോ വഴി നിയമനം നല്‍കി ആറ് മാസത്തിനുശേഷം നടത്തുന്ന ഈ എഴുത്തുപരീക്ഷയില്‍ പ്രാക്ടിക്കല്‍ പരീക്ഷയും ഉള്‍പ്പെടുന്നുണ്ട്. എഴുത്തു പരീക്ഷയുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ പി എസ് സി നോക്കുകുത്തികളാവുകയാണ്. എന്നാല്‍, ഇതില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയാണ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് നിയമനം എന്നതാണ് ഉയരുന്ന ആരോപണം. ഇതുമൂലം പട്ടികജാതി, പട്ടികവര്‍ഗ, മുസ്‌ലിം, ഈഴവ സംവരണം നഷ്ടമാകുന്നതിനും പ്രൊമോഷന്‍ ഇല്ലാതാകുന്നതിനും കാരണമാകുന്നു. 4200 ജീവനക്കാരാണ് ഫയര്‍ ഫോഴ്‌സില്‍ ഉള്ളത്. ഇതില്‍ 400 ഓളം പേര്‍ക്ക് സംവരണമില്ലാത്തതുമൂലം പ്രൊമോഷന്‍ സാധ്യതയും ഇല്ലാതായി. പി എസ് സി വഴി നിയമനത്തില്‍ കയറിയാലും പോസ്റ്റിങ്ങും പ്രൊമോഷനുമെല്ലാം സ്‌പെഷ്യല്‍റൂള്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായതുകൊണ്ട് അതേ പോസ്റ്റില്‍ തന്നെ തുടരേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ മുന്നൂറിലധികം ജീവനക്കാര്‍ അതേ പോസ്റ്റില്‍തന്നെ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഇതിനെതിരെ തുടര്‍ച്ചയായി പി എസ് സിക്ക് പരാതി നല്‍കി. തുടര്‍ന്ന്്്് കേസ് കോടതിയിലുമെത്തി. എന്നാല്‍ അവസാനം ഒന്നും ഫലമുണ്ടായില്ല. ഡി ജി പി മുതല്‍ ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കുവരെ ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫയര്‍ ഫോഴ്‌സില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനും പി എസ് സി യുടെ അനുമതി വേണമെന്നിരിക്കെ ഏഴ് ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷന്‍ ഓഫീസര്‍മാരെ സര്‍ക്കാര്‍ ഉത്തരവിനടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്ന്്് നേരിട്ട്്്് നിയമിച്ചിരുന്നു. ഇത് യോഗ്യതയില്ലാത്തവരെ തിരഞ്ഞെടുക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഇതിനാല്‍ ഡ്രൈവര്‍മാരുടെ പോസ്റ്റില്‍ പോലും അര്‍ഹതയില്ലാത്തവര്‍ കയറിക്കൂടുന്ന അവസ്ഥയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്്്.
മാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടിയ അലംഭാവം മൂലം ഒരു വിഭാഗം ജീവനക്കാര്‍ എന്നും എവിടെയുമെത്താതെ അവതാളത്തിലാവുകയാണ്. 1998ലെ സ്‌പെഷ്യല്‍ റൂല്‍ ഭേദഗതി ചെയ്ത് പോസ്റ്റിംഗ് പി എസ് സി വഴിക്കായാല്‍ മാത്രമേ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷപ്പെടുകയുള്ളൂ.