Connect with us

Kollam

കോടികളുടെ ഉപകരണങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നു

Published

|

Last Updated

കൊല്ലം;പൊതുമേഖലാ സ്ഥാപനമായ ചവറ കെ എം എം എല്ലില്‍ അധികൃതരുട അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും കെ എം എം എല്‍ സ്റ്റോറില്‍ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നതായി സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് റിപോര്‍ട്ടാണ് വ്യക്തമാക്കുന്നത്. കമ്പനിയുടെ സ്റ്റോറില്‍ ഇരുപത്തിയൊന്ന് കോടി രൂപയുടെ ഉപകരണങ്ങളാണ് ഉപയോഗശ്യൂന്യമായി കെട്ടിക്കിടന്ന് നശിക്കുന്നത്.

കമ്പനി നിയമ പ്രകാരം മൂന്ന് കോടി രൂപയുടെ വസ്തുക്കള്‍ മാത്രമേ സ്റ്റോറില്‍ സൂക്ഷിക്കാന്‍ പാടുള്ളു. എന്നാല്‍ 21 കോടി 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇപ്പോള്‍ സ്റ്റോറില്‍ കെട്ടിക്കിടക്കുന്നതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നിയോഗിച്ച സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് റിപോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളില്‍ പൂര്‍ണമായി മൂല്യനിര്‍ണയം നടത്താന്‍ കഴിയാത്തവയുമുണ്ട്. ഇവയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഇവ ഉപയോഗപ്പെടുത്തണമെന്ന് ഓഡിറ്റ് റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ഉത്തരവാദപ്പെട്ട ചിലര്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഓഡിറ്റ് റിപോര്‍ട്ട്.
ഉപയോഗശ്യൂന്യമായ സാധങ്ങള്‍ വാങ്ങിക്കൂട്ടിയതും രേഖകള്‍ സൂക്ഷിക്കാത്തതും സാമ്പത്തിക വിഭാഗം മേധാവികളുടെ പിടിപ്പുകേടുമൂലമാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. കെ എം എം എല്ലിന്റെ സ്ഥിര ആസ്തിയുടെ കണക്കെടുക്കാന്‍ സംവിധാനമില്ലാത്തതിനെയും റിപോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്.
മാനേജ്‌മെന്റിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് കമ്പനിയില്‍ വാതകചോര്‍ച്ച ഉണ്ടായതെന്ന പോലീസിന്റെ അന്വേഷണ റിപോര്‍ട്ടിന് പിന്നാലെ ഓഡിറ്റ് റിപോര്‍ട്ടും കമ്പനി അധികൃതരുടെ നിരുത്തരവാദ സമീപനങ്ങളാണ് വ്യക്തമാക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

 

Latest