Connect with us

Editorial

വിചാരണാ തടവുകാരുടെ മോചനം

Published

|

Last Updated

നീതിയും നിയമവും നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വീഴ്ച സംഭവിക്കുമ്പോള്‍ നീതിപീഠങ്ങള്‍ രംഗത്തു വന്ന സംഭവങ്ങള്‍ രാജ്യത്ത് ധാരളമുണ്ടായിട്ടുണ്ട്. ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയാണ് വിചാരണാ തടവുകാരുടെ കാര്യത്തില്‍ വെള്ളിയാഴ്ചയുണ്ടായ സുപ്രീം കോടതി വിധി. ആരോപിക്കപ്പെട്ട കുറ്റത്തിനു പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലാവധിയിലേറെ ജയിലില്‍ കഴിഞ്ഞ വിചാരണാ തടവുകാരെ എത്രയും വേഗം വിട്ടയക്കാനാണ് കോടതി ഉത്തരവ്. അടുത്ത മാസം ഒന്ന് മുതല്‍ ബന്ധപ്പെട്ട ജഡ്ജിമാര്‍ ജയിലുകള്‍ സന്ദര്‍ശിച്ച് ഇത്തരം തടവുകാരുടെ കണക്കെടുത്ത് ഹൈക്കോടതി വഴി സുപ്രീം കോടതിക്കു കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
നാഷനല്‍ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിചാരണാ തടവുകാരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെ വരും.തങ്ങള്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കുന്ന ചാര്‍ജ് ഷീറ്റ് പോലും നല്‍കപ്പെടാത്തവര്‍ ധാരാളമുണ്ട് ഇവരില്‍. ഭീകരവിരുദ്ധ നിയമത്തിന്റെ ദുരുപയോഗമാണ് തടവുകാരില്‍ ഗണ്യമായ ഒരു വിഭാത്തെ ജയിലിലെത്തിച്ചത്. ഇക്കാര്യം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചതാണ്. വിപുലമായ അധികാരങ്ങളാണ് യു എ പി എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ നിയമപാലകര്‍ക്കും സര്‍ക്കാറിനും നല്‍കുന്നത്. കുറ്റാരോപിതരെ ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കരുതെന്നാണ് ക്രിമിനല്‍ നിയമം അനുശാസിക്കുന്നതെങ്കിലും യു എ പി എ പ്രകാരം അതില്‍ കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ വെക്കുകയും വിചാരണ കൂടാതെ മാസങ്ങളോളം തടവിലിടുകയുമാകാം. ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം ജാമ്യത്തില്‍ വിടുമെന്ന് യു പി എ സര്‍ക്കാറിലെ ആഭ്യന്തര സഹമന്ത്രി രത്തന്‍ജിത്ത് പ്രതാപ് നാരായണ്‍ സിംഗ് കഴിഞ്ഞ വര്‍ഷം പാര്‍ലിമെന്റിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിചാരണ കൂടാതെ ദശാബ്ദങ്ങളായി തടവ് ശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിന് പേര്‍ ഇന്നും കേരളത്തിലടക്കം രാജത്തെമ്പാടുമുണ്ട്. എത്രയും വേഗത്തില്‍ വിചാരണ നടത്തി ഇവരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയോ. ജാമ്യം അനുവദിക്കുകയോ വേണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മുഖം തിരിക്കുകയും ഇല്ലാത്ത തടസ്സവാദങ്ങള്‍ ഉന്നയിച്ചു ജാമ്യം നിഷേധിക്കുകയുമാണ്.
മുസ്‌ലിംകളാണ് വിചാരണാ തടവുകാരില്‍ കൂടുതലും. 53,638 വരും അവരുടെ എണ്ണം. മൊത്തം വിചാരണാ തടവുകാരുടെ 21 ശതമാനം. 30,000 ത്തിലേറെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് ഇവരിലേറെയും തുറുങ്കിലടക്കപ്പെടുന്നത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പ്രവണതയാണ് നിയമപാലകരുടെ ഭാഗത്തു നിന്ന് പലപ്പോഴും കണ്ടുവരുന്നത്. മാവോയിസ്റ്റ് ഭീഷണി ശക്തമാകുമ്പോള്‍ ഭരണകൂടം എന്തെങ്കിലും ചെയ്തുവെന്ന് വരുത്താന്‍ വനമേഖലകളിലെ ആദിവാസികളെ പ്രതികളാക്കുകയാണ് പതിവ്. ഭീകരവാദ ഭീഷണി ഉയരുമ്പോള്‍ ഭരണകൂടം മുസ്‌ലിംകളെയും വേട്ടയാടുന്നു. എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ലെങ്കിലും ഭീകരവാദികളെല്ലാം മുസ്‌ലിംകളാണെന്ന ഫാസിസ്റ്റ് ശക്തികളുടെ പ്രചാരണം അപ്പടി വിശ്വസിക്കുകയാണ് ഭരണകൂടവും നിയമപാലകരും. പീഡിതര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ട ദേശീയ മാധ്യമങ്ങളും വേട്ടക്കാരുടെ പക്ഷത്താണ് നിലയിറുപ്പിച്ചിരിക്കുന്നത്. ഈ കറുത്ത ശക്തികളുടെ കള്ളപ്രചാരണം മൂലം നിരപരാധിയായ ഒരു മുസ്‌ലീം തീവ്രവാദിയാണെന്ന് ആരോപിക്കപ്പെട്ടാല്‍ തെളിവില്ലാതെ അതപ്പടി വിശ്വസിക്കുന്ന തലത്തിലേക്ക് പൊതുസമൂഹവും എത്തിയിരിക്കുന്നു. സമീപകാലത്ത് ഉത്തരേന്ത്യയില്‍ നടന്ന മിക്ക സ്‌ഫോടനങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന വസ്തുത അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടും രാജ്യത്ത് മുസ്‌ലിം വേട്ട തുടരുന്നുവെന്നത് അവരുടെ ഹിഡന്‍ അജന്‍ഡയിലേക്കുള്ള വ്യക്തമായ സൂചനയാണ്. ഭരണകൂട ഭീകരതയുടെ ഇരകളാണിന്ന് ഇന്ത്യയിലെ മുസ്‌ലിം സമൂഹം.
വിചാരണാ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പ്രധാന പ്രായോജകര്‍ മുസ്‌ലിംകളാണെന്നതിനാല്‍ വിധിയെ അട്ടിമറിക്കാനും മോചന നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഭരണതലത്തില്‍ ശ്രമങ്ങളുണ്ടാകുമോ എന്ന ആശങ്കയുണ്ട്. കോടതി ഉത്തരവ് സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്താനും മറ്റും കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അതിന്റെ മറവില്‍ മോചനനടപടികള്‍ നീളുമായിരുന്നു. എന്നാല്‍ പാവപ്പെട്ടവരും നിരപരാധികളുമായ നിരവധി പേര്‍ ജാമ്യം പോലും ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നാണ് കോടതി സര്‍ക്കാറിനെ അറിയിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും ന്യായാസനത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Latest