കുഴി കണ്ടുണരുന്ന കേരളം

Posted on: September 9, 2014 5:26 am | Last updated: September 9, 2014 at 12:27 am
SHARE

പണ്ടത്തെ ഭരണാധികാരിയാണ്; മഹാബലി. തിരക്കുള്ളവര്‍ മാവേലിയെന്ന് പറയും. കള്ളവും ചതിയും കല്‍ക്കരിയും ഇല്ലാത്ത കാലമായിരുന്നു അത്. സര്‍ക്കാര്‍ സ്‌റ്റോര്‍ എന്റെ പേരിലാണ്. നാട്ടുകാരെ കൊണ്ട് ചീത്ത പറയിക്കാന്‍ ഉണ്ടാക്കിയിട്ടതാ. അരിയില്ല, പഞ്ചസാരയില്ല എന്നൊെക്ക. ചിലപ്പോള്‍ സാധനങ്ങള്‍ പുഴുത്തിട്ടുണ്ടാകുമത്രേ. അപ്പോഴും മാവേലിക്ക് കുറ്റം.
എനിക്കാണെങ്കില്‍ ഫെയ്‌സ് ബുക്കോ വാട്ട്‌സ് ആപ്പോ ഒന്നുമില്ല.
റോഡിലെ കുണ്ടും കുഴിയും കണ്ടപ്പോഴേ മനസ്സിലായി. കേരളം തന്നെ; കുഴി കണ്ടുണരുന്ന കേരളം. അഥവാ കുഴിയില്‍ വീണുരുളുന്ന കേരളം. റോഡരികില്‍ ഒരു ബോര്‍ഡ് കൂടി ആകാം. ഇതുവരെ കുഴിയില്‍ വീണവരുടെ എണ്ണം ആയിരം കവിഞ്ഞു. യാത്രക്കാര്‍ ശ്രദ്ധിക്കുക. കഴിഞ്ഞ കൊല്ലത്തേക്കാള്‍ കുഴി കൂടിയിട്ടുണ്ട്. കുഴിമടിയന്‍മാരുടെ കേരളം. നല്ല ഭരണം തന്നെ. യാത്രയാകട്ടെ അതി കഠിനം. ഉഴിച്ചിലിനും പിഴിച്ചിലിനും നല്ല സ്‌കോപ്പുണ്ട്.
എന്റെ ചിത്രം എല്ലായിടത്തും കണ്ടു. ഫഌക്‌സാണ്. കൊമ്പന്‍ മീശയും കുടവയറും കെങ്കേമം തന്നെ. അത്ഭുതം തോന്നുന്നു, നാട്ടുകാരുടെ മുടിയും താടിയും നല്ല കറുപ്പ് തന്നെ. നരയുള്ളവര്‍ നന്നെ കുറവ്. വയസ്സന്‍മാരില്ലാത്ത കേരളം. ഈ ആരോഗ്യത്തിന്റെ രഹസ്യം കുറച്ച് കഴിഞ്ഞാണ് പിടികിട്ടിയത്. ഗോദ്‌റെജ് കമ്പനി ഈ നാടിന്റെ ഐശ്വര്യം. നേതാവായാലും അണികളായാലും രാവിലെ അര മണിക്കൂര്‍ കലാപരിപാടിയുണ്ട്. കറുത്ത ദ്രാവക പ്രയോഗം. താടിയും മുടിയും വെളുത്തവര്‍ മൂക്ക് പിടിച്ച് പാത്രത്തില്‍ മുങ്ങുന്നു. ഇതിനാണോ ബ്ലാക്ക് മെയിലിംഗ് എന്ന് പറയുക?
ഏയ്, അത് പെണ്ണുങ്ങളുടെ ഇടപാടാണ്. പണം ഉണ്ടാക്കാനുള്ള വ്യാപാരം. വ്യവസായമില്ലെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ കുടില്‍ വ്യവസായം. പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ.. . സോളാര്‍ മുതല്‍ ബ്ലാക്ക് മെയിലിംഗ് വരെ അവരാ. ഇതിന് സംവരണം വേണ്ടേ വേണ്ട. ആകെ നാറി നാടും വീടും.
കുടി വ്യവസായത്തിന്റെ കാര്യമെന്തായി? പൂട്ടാന്‍ പോകുകയാണ്. രണ്ട് കാലിലും നാല് കാലിലുമുള്ള പ്രജകളുടെ നില്‍പ്പ് കണ്ടില്ലേ. കുടി വെള്ളത്തിനായുള്ള കാത്തിരിപ്പ്. ഇതില്ലെങ്കില്‍ പിന്നെന്ത് ആഘോഷം? അരി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരം സാധനം വേണമെന്നാ നാട്ടുകാരുടെ മനസ്സിലിരിപ്പ്. സര്‍ക്കാര്‍ തന്നെ കുടിപ്പിച്ച് കുടിപ്പിച്ച് കുട്ടിയല്ലാതാക്കുന്നു.
ഇത്തവണയും കിറ്റുണ്ട്. കിറ്റില്‍ അന്തേവാസികള്‍ കുറവാണ്. പഞ്ചസാരയില്ല, പലതിന്റെയും അളവ് കുറഞ്ഞു. ശരിക്കും ദാരിദ്ര്യം പിടിച്ച കിറ്റ്. അല്ലേലും പഞ്ചസാര ആവശ്യമേയില്ല. ഷുഗറ്കാര് കൂടുതലല്ലേ. അതിന് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ല. പാക്കറ്റ് സാധനങ്ങളും കോഴിയും തിന്ന് കുടവയറും ചാടി നടക്കുകയല്ലേ. അടുത്ത വര്‍ഷം ആട്ടപ്പൊടിയും വെളിച്ചെണ്ണയും മതി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എന്തെങ്കിലും മാറ്റം ഉണ്ടോ ഗൗരവാനന്ദാ?
ബാങ്ക് അക്കൗണ്ട് കിട്ടി, ക്രെഡിറ്റ് കാര്‍ഡും കിട്ടി.
അക്കൗണ്ടില്‍ എത്ര പണമുണ്ട്?
നയാപ്പൈസയില്ല. സീറോ ബാലന്‍സാ. രാവിലെ ബുക്കെടുത്ത് നോക്കും, കാര്‍ഡെടുത്ത് നോക്കും. അത്ര തന്നെ.
ആത്മവിശ്വാസം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ?
അതും അങ്ങനെ തന്നെ. വെറും
സീറോ!