മുല്ലപ്പെരിയാര്‍ പുനഃപരിശോധന ഹരജി നാളെ സുപ്രീം കോടതിയില്‍

Posted on: September 8, 2014 8:48 pm | Last updated: September 9, 2014 at 12:49 am
SHARE

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം റദ്ദാക്കുകയും ജലനിരപ്പ് 142 അടിയാക്കാനുമുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹരജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുക. ഡാമിന്റെ സുരക്ഷയില്‍ ഊന്നിക്കൊണ്ടാകും കേരളത്തിന്റെ വാദഗതികള്‍. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന അടിസ്ഥാന തത്വമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്ന നിലപാട് കോടതിയില്‍ ആവര്‍ത്തിക്കും. കേരളവും തമിഴ്‌നാടും തമ്മിലുള്ള ജലം പങ്കുവെക്കല്‍ കരാറിന്റെ സാധുതയും കേരളം ഉന്നയിക്കും. കോടതി നിയോഗിച്ച ഉന്നതാധികാര സമിതി അണക്കെട്ടിലെ പരമാവധി പ്രളയസാധ്യതയെക്കുറിച്ച് പരിഗണിച്ച കണക്കുകള്‍ സംബന്ധിച്ച വിയോജിപ്പ് ഉന്നയിക്കാന്‍ കേരളത്തിന് അവസരം ലഭിച്ചില്ലെന്നും കണക്കുകള്‍ ചര്‍ച്ച ചെയ്യുക പോലുമുണ്ടായില്ലെന്നുമാണ് പുനഃപരിശോധന ഹരജിയിലെ കേരളത്തിന്റെ ആരോപണം. പുനഃപരിശോധനാ ഹരജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.