റൈസ് ബക്കറ്റ് ദുബൈയിലും തരംഗമാവുന്നു

Posted on: September 8, 2014 11:00 pm | Last updated: September 8, 2014 at 11:23 pm
SHARE

ദുബൈ: ഐസ് ബക്കറ്റിന് ബദലായി ഇന്ത്യയില്‍ ആരംഭിച്ച റൈസ് ബക്കറ്റ് ദുബൈയിലും തരംഗമാകുന്നു. മാരകരോഗമായ എ എല്‍ എസി (അമിയോ ട്രോഫിക് ലാറ്ററല്‍ സ്‌ക്ലോറോസിസ്)ന് എതിരായി പണം കണ്ടെത്താനാണ് അമേരിക്കയില്‍ ഐസ് ബക്കറ്റ് ചാലഞ്ച് ആരംഭിച്ചത്. ഇതിന്റെ ഇന്ത്യന്‍ വകഭേദമാണ് റൈസ് ബക്കറ്റ്. പാവപ്പെട്ടവര്‍ക്ക് അന്നമെത്തിക്കുക എന്നതാണ് റൈസ് ബക്കറ്റ് ചാലഞ്ച്. ദുബൈയില്‍ ഒരു മലയാളം റേഡിയോ സ്റ്റേഷനിലെ റേഡിയോ ജോക്കികളായിരുന്നു റൈസ് ബക്കറ്റിന് പ്രചാരം നല്‍കിയത്. കഴിഞ്ഞ മാസം 26ന് ആയിരുന്നു ഇതിന് തുടക്കമായത്.
ഓണത്തിന് പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് റൈസ് ബക്കറ്റ് പരിപാടി നടപ്പാക്കിയത്. റേഡിയോ ജോക്കിയും പിന്നീട് സിനിമാ താരവുമായ നെയ്‌ല ഉഷയും അര്‍ഫാസ് ഇഖ്ബാലും ജീന്‍ മാര്‍കോസുമെല്ലാമായിരുന്നു ഇതിന്റെ പ്രചാരകര്‍.
ഓണം വന്നതോടെ റൈസ് ബക്കറ്റ് ക്യാമ്പയിനുമായി നിരവധി മലയാളി ബിസിനസുകാരും സംഘടനകളും നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരുടെ ലേബര്‍ ക്യാമ്പുകളിലും ചെന്നാണ് സഹായം എത്തിക്കുന്നത്.