പോലീസ് ചമഞ്ഞു പിടിച്ചുപറിക്കു ശ്രമിച്ച സംഘത്തെ പിടികൂടി

Posted on: September 8, 2014 11:00 pm | Last updated: September 8, 2014 at 11:22 pm
SHARE

അജ്മാന്‍: പോലീസ് ചമഞ്ഞ്, ഏഷ്യക്കാരായ രണ്ടുപേരില്‍ നിന്ന് പഴ്‌സ് പിടിച്ചുപറിക്കു ശ്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. എല്ലാവരും അറബ് വംശജരാണ്.
അജ്മാനിലെ ജര്‍ഫ് പ്രദേശത്ത് ചൈനാ മാര്‍ക്കറ്റിനുടത്ത് വെച്ചാണ് സംഘം ഏഷ്യക്കാരില്‍ നിന്ന് പിടിച്ചുപറിക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. പോലീസെന്ന് പരിചയപ്പെടുത്തി സമീപിച്ച സംഘം ഏഷ്യക്കാരനായ ഒരാളുടെ പഴ്‌സ് പരിശോധിക്കാനെന്ന വ്യാജേന കൈക്കലാക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖ കാണിക്കാനാവശ്യപ്പെട്ട സമയത്ത് സംഘം പരുങ്ങുന്നത് കണ്ട ഏഷ്യക്കാരന്റെ സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസില്‍ അറിയിക്കുന്നത് ശ്രദ്ധയില്‍പെട്ട സംഘം തങ്ങളുടെ വാഹനത്തില്‍ രക്ഷപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ വലയിലായി. പോലീസ് ചമഞ്ഞ് നേരത്തെയും ഇത്തരത്തില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.