നിര്‍ത്തിയിട്ട കാറുകളില്‍ മോഷണം; ഒരാള്‍ പിടിയില്‍

Posted on: September 8, 2014 11:00 pm | Last updated: September 8, 2014 at 11:21 pm
SHARE

ഷാര്‍ജ: താമസസ്ഥലങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്ന് മോഷണം പതിവാക്കിയ യുവാവ് ഷാര്‍ജ പോലീസിന്റെ പിടിയിലായി. ഇയാള്‍ കൊമറൊസ് സ്വദേശിയാണ്.
ഷാര്‍ജയിലെ അല്‍ ഹീറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസ സ്ഥലങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തിയിട്ട നിരവധി കാറുകളില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും മോഷണം പോയതായുള്ള വ്യത്യസ്ത പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറുകളുടെ സൈഡ് ഗ്ലാസ് പൊട്ടിച്ച് അകത്തുള്ള മൊബൈല്‍ ഫോണുകളുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ സമാനമായ കേസുകളില്‍ പിടിയിലാവുകയും ജയില്‍ശിക്ഷയനുഭവിക്കുകയും ചെയ്തയാളുമാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, ദീര്‍ഘനേരത്തേക്ക് നിര്‍ത്തിയിട്ട് പോകുന്ന കാറുകളില്‍ വിലപിടിപ്പുള്ള, മൊബൈല്‍, ലാപ്‌ടോപ്പ്, വാച്ച് തുടങ്ങിയവയും പണവും സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ ലഫ്. കേണല്‍ ഇബ്രാഹീം മുസബഹ് അല്‍ ആജില്‍ പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.