2021ല്‍ അബുദാബിയില്‍ 5,900 നഴ്‌സുമാര്‍ വേണം

Posted on: September 8, 2014 11:19 pm | Last updated: September 8, 2014 at 11:19 pm
SHARE

imagesഅബുദാബി: 2021 ആകുമ്പോഴേക്കും അബുദാബിയിലേക്ക് 5,900 നഴ്‌സുമാര്‍ വേണ്ടിവരുമെന്ന് അധികൃതര്‍. 3,200 ഡോക്ടര്‍മാരുടെയും ആവശ്യമുണ്ടാകും.
അബുദാബിയിലെ വിമന്‍സ് ടെക്‌നോളജി കോളജില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാമത് അല്‍ നൂര്‍ അന്താരാഷ്ട്ര നഴ്‌സിംഗ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കോളജ് ഡയറക്ടര്‍ സുല്‍ത്താന്‍ കര്‍മസ്തജി പ്രഖ്യാപിച്ചതാണിത്.
രാജ്യത്ത് നഴ്‌സിംഗ് രംഗത്ത് സേവനം ചെയ്യുന്നവര്‍ 22,000ത്തിലധികം വരും. ഇതില്‍ 10 ശതമാനവും സ്വദേശികളാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 2007ല്‍ രാജ്യത്തുള്ള നഴ്‌സിംഗ് സേവന മേഖലയില്‍ കേവലം നാല് ശതമാനം മാത്രമേ സ്വദേശി സാന്നിധ്യമുണ്ടായിരുന്നുള്ളുവെന്ന് സമ്മേളനം വിലയിരുത്തി.
രാജ്യത്തെ ആരോഗ്യ സേവന മേഖല നാള്‍ക്കുനാള്‍ വ്യാപിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലേക്ക് ധാരാളം പ്രൊഫഷനുകളെ ആവശ്യമായി വരും, സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തലത്തിലും മറ്റും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
സാങ്കേതികമായി ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ സംവിധാനത്തിനു കീഴില്‍ മെഡിക്കല്‍ മേഖലയില്‍ മാത്രം 17 വിഭാഗം ഉണ്ട്. ഇതിലെ നഴ്‌സിംഗ് കോളജില്‍ നിന്നും പഠിച്ചു പുറത്തിറങ്ങുന്നവരില്‍ 90 ശതമാനവും രാജ്യത്തിനകത്തു തന്നെയുള്ള ആരോഗ്യമേഖലയിലാണ് സേവനമനുഷ്ടിക്കുന്നത്.
അബുദാബിയിലെ അല്‍ നൂര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പാണ് അന്താരാഷ്ട്ര നഴ്‌സിംഗ് സമ്മേളനം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ്. നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 350 ലധികം പ്രൊഫഷനലുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.