ആറുമാസത്തിനിടെ രാജ്യത്ത് വിറ്റത് 8.91 ലക്ഷം കമ്പ്യൂട്ടറുകള്‍

Posted on: September 8, 2014 8:33 pm | Last updated: September 8, 2014 at 8:33 pm
SHARE

personal1ദുബൈ: ജനുവരി മുതല്‍ ജൂണ്‍ കൂടിയ ആറുമാസത്തിനിടെ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 8.91 ലക്ഷം കമ്പ്യൂട്ടറുകളെന്ന് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന വില്‍പനയെക്കാള്‍ കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇത് 10 ലക്ഷമായിരുന്നു.
രാജ്യത്തെ ആശയ വിനിമയ, സാങ്കേതിക വിദ്യാഭ്യാമസ മേഖലയിലെ വിറ്റുവരവുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഐ ഡി സി എന്ന സ്ഥാപനത്തിന്റെ കണക്കിലാണിക്കാര്യം പ്രസ്താവിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് കാലയളവില്‍ നടന്ന കമ്പ്യൂട്ടര്‍ വില്‍പനയുടെ 38.5 ശതമാനമാണിതെന്നും ഐ ഡിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് നടക്കുന്ന വിപണന മേളകള്‍, കമ്പ്യൂട്ടര്‍ വില്‍പന മറ്റു രാജ്യങ്ങളേക്കാള്‍ യു എ ഇയില്‍ കൂടാന്‍ പ്രധാന ഹേതുവായതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് ഷോപ്പര്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. രാജ്യത്ത് വില്‍ക്കപ്പെടുന്ന ഡസ്‌ക് ടോപ് കമ്പ്യൂട്ടറുകളുടെ ശരാശരി വില 613 ഡോളറും ലാപ്‌ടോപ്പിന് 649 ഡോളറുമാണ്.
ജി സി സി രാജ്യങ്ങളില്‍ മൊത്തം വില്‍ക്കപ്പെടുന്ന കമ്പ്യൂട്ടറുകളുടെ 80 ശതമാനവും യു എ ഇയിലും സഊദി അറേബ്യയിലുമാണ്. 18.6 ലക്ഷം കമ്പ്യൂട്ടറുകളാണ് ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് കാലയളവില്‍ വിറ്റഴിക്കപ്പെട്ടത്. അതെ സമയം, ജിസിസിയിലെ ബാക്കിയുള്ള രാജ്യങ്ങളായ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെല്ലാം കൂടി 4.43 ലക്ഷം കമ്പ്യൂട്ടറുകള്‍ മാത്രമാണ് വില്‍പന നടന്നത്. ഐ ഡി സിയുടെ കണക്കുകളില്‍ പറയുന്നു.
ജി സി സി രാജ്യങ്ങളില്‍ ആറുമാസത്തിനിടെ വില്‍പന നടന്നത് 23 ലക്ഷം കമ്പ്യൂട്ടറുകളാണ്. 5.5 ബില്യന്‍ ദിര്‍ഹമാണ് മൊത്തം വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 25 ലക്ഷം കമ്പ്യൂട്ടറുകളായിരുന്നു. ആറ് ബില്യന്‍ വിലയും, ഐ ഡി സിയുടെ കണക്കില്‍ പറയുന്നു.