അല്‍ ഖാസിമി ആശുപത്രിയില്‍ യന്ത്രമനുഷ്യന്റെ സഹായത്തോടെ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തി

Posted on: September 8, 2014 8:19 pm | Last updated: September 8, 2014 at 8:19 pm
SHARE

ഷാര്‍ജ: യന്ത്രമനുഷ്യന്റെ സഹായം ഉപയോഗപ്പെടുത്തി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ഒമ്പത് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. 49നും 79നും ഇടയില്‍ പ്രായമുള്ള രണ്ട് സ്വദേശികള്‍ക്കും ഏഴ് പ്രവാസികള്‍ക്കുമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി സി ഇ ഒ ഡോ. ആരിഫ് അല്‍ നൂറിയാനി വെളിപ്പെടുത്തി. യു എ ഇ ആരോഗ്യമന്ത്രാലയം നല്‍കിയ യന്ത്രമനുഷ്യന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ശസ്ത്രക്രിയക്കായി ഉപയോഗപ്പെടുത്തിയത്.
പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലായിരുന്നു ശസ്ത്രക്രിയകള്‍ നടത്തിയത്.
ആരോഗ്യമന്ത്രാലയം ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5.4 കോടി ദിര്‍ഹം അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങി സജ്ജീകരിച്ചത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആശുപത്രിക്ക് സഹായം നല്‍കിയതെന്ന് ആരോഗ്യമന്ത്രി അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ് വ്യക്തമാക്കി.