ജമ്മു കാശ്മീര്‍ പ്രളയം:കുടുങ്ങിയവരില്‍ മലയാളികളും

Posted on: September 8, 2014 7:04 pm | Last updated: September 10, 2014 at 5:25 pm
SHARE

kashmir flood monday>>>>സംഘത്തില്‍ ഉപലോകായുക്ത ജഡ്ജിയും നടിയും കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും
>>>>കുടുങ്ങിയത് വിനോദയാത്രക്കെത്തിയ സംഘങ്ങള്‍

ജമ്മു കശ്മീരിലെ പ്രളയബാധിത മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഇരുനൂറിലേറെ മലയാളികള്‍. ശ്രീനഗറില്‍ വിനോദയാത്രക്കെത്തിയവരാണ് പ്രളയത്തില്‍ കുടുങ്ങിയത്. ഉപലോകായുക്ത ജഡ്ജി ജസ്റ്റിസ് ബാലചന്ദ്രന്‍ നായര്‍, മലയാള ചലച്ചിത്രതാരം അപൂര്‍വ ബോസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍ തുടങ്ങിയവരും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടും. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എണ്ണൂറിലധികം സൈനികരും നാല്‍പ്പത് ഹെലിക്കോപ്റ്ററുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍, ഇന്നലെയും മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
കൊച്ചിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് മലയാളി സംഘത്തിലുള്ളത്. ഇവര്‍ സുരക്ഷിതരാണെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നുണ്ടെങ്കിലും ഇന്നലെ വൈകുന്നേരം മുതല്‍ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രദേശത്തെ വാര്‍ത്താവിനിമയ ബന്ധം തകരാറിലായതാണ് ബന്ധപ്പെടാന്‍ തടസ്സമെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ അറിയിച്ചു. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്രക്ക് പോയ സംഘത്തിലെ നാല്‍പ്പത് പേരും സുരക്ഷിതരാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലെ സെന്റര്‍ പോയിന്റ് എന്ന ഹോട്ടലിലാണ് ഇവര്‍ കഴിയുന്നത്. ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. ഹോട്ടലിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ മുകളിലത്തെ നിലയിലേക്കു മാറ്റിയതായും ഹോട്ടലുടമ അറിയിച്ചു. ഇവരെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിക്കാന്‍ ഹോട്ടലുകാര്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയിലെ ഏജന്‍സി മുഖേന ശ്രീനഗറിലെത്തിയ നൂറ്റമ്പത് പേരില്‍ പകുതിയലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചിനാണ് നാല്‍പ്പതംഗ മലയാളി സംഘം കാശ്മീരിലെത്തിയത്. ചൊവ്വാഴ്ച ഇവര്‍ മടങ്ങാനിരിക്കവെയാണ് ദുരന്തമുണ്ടായത്.
ചലച്ചിത്ര താരം അപൂര്‍വ ബോസും സംഘവും താമസിച്ച കോമ്രേഡ് ഹോട്ടലിന്റെ മൂന്ന് നിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ഹോട്ടലിന്റെ അഞ്ചാം നിലയിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു. ഇന്നലെ ഉച്ചവരെ അപൂര്‍വയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈ സംഘവുമായി ഇന്നലെ വൈകുന്നേരത്തിന് ശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ക്ക് യാത്ര ഒരുക്കിയ ടൂര്‍ കമ്പനിയായ യാത്രി ടൂര്‍സിന്റെ ഏജന്റ് രശ്മി പറഞ്ഞു. അതിനിടെ, എറണാകുളത്തെ സ്വകാര്യ ട്രാവല്‍സ് വഴി യാത്ര തിരിച്ച പതിനെട്ടംഗ സംഘം ശ്രീനഗറില്‍നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയതായി ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ദുരന്ത മേഖലയില്‍ അകപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജമ്മു കാശ്മീര്‍ റവന്യൂ മന്ത്രി രമണ്‍ ഭല്ലയുമായി ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെയും ഡി ജി പി ബാലസുബ്രമണ്യത്തിനെയും ചുമതലപ്പെടുത്തി.