ഡല്‍ഹി: ബി ജെ പി ‘കുതിരക്കച്ചവടത്തിന്റെ’ വീഡിയോ എ എ പി പുറത്ത് വിട്ടു

Posted on: September 8, 2014 1:15 pm | Last updated: September 9, 2014 at 12:23 am
SHARE

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുമായി വിലപേശുന്നതിന്റെ വീഡിയോ ക്ലിപ്പുകളുമായി അരവിന്ദ് കെജരിവാള്‍ രംഗത്ത്. സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പി കുതിരക്കച്ചവടം നടത്തുകയാണെന്നും ഇതിന്റെ തെളിവുകള്‍ ചൊവ്വാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

ബി ജെ പി നേതാക്കന്‍മാരായ ഷേര്‍ സിംഗ് ദാഗര്‍, രഘുബീര്‍ ദാഹിയ എന്നിവര്‍ എ എ പി എം എല്‍ എമാരായ ദിനേഷ് മൊഹാനിയ, വിവേക് യാദവ് എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ എ എ പി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ക്ലിപ്പുകളുടെ ആധികാരിത വ്യക്തമായിട്ടില്ല.

അതേസമയം കെജരിവാളിന്റെ ആരോപണം ബി ജെ പി നിഷേധിച്ചു. ബി ജെ പി ഒരിക്കലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ശ്രമിച്ചിട്ടില്ലെന്നും കെജരിവാളിന്റെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോന ഉണ്ടെന്നും ഡല്‍ഹി ബി ജെ പി നേതാവ് വിജേന്ദര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.