ഇഗ്ലണ്ടിനെതിരായ ട്വന്റി 20: ഇന്ത്യക്ക് മൂന്ന് റണ്‍സ് തോല്‍വി

Posted on: September 8, 2014 9:40 am | Last updated: September 8, 2014 at 9:43 am
SHARE

england 20-20ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മൂന്ന് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.  അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ 13 റണ്‍സ് നേടാനേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായുള്ളു.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ ധോണിയുടെ മികച്ച ഇന്നിംഗ്‌സിലായിരുന്നു പ്രതീക്ഷകളെല്ലാം. എന്നാല്‍ ടീമിന്റെ പ്രതീക്ഷ കാക്കാന്‍ ക്യാപ്റ്റനായില്ല. പര്യടനത്തില്‍ ആദ്യമായി തിളങ്ങിയ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ പൊരുതിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 31 പന്തില്‍ 71 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. അലക്‌സ് ഹെല്‍സ് 40 റണ്‍സുമായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ശമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ തുടക്കം ഗംഭീരമായിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ രഹാനെയെ(8) നഷ്ടമായി. തുടര്‍ന്ന് കോഹ്‌ലിയും(66) ധവാനും(33) മുന്നോട്ട് നയിക്കുകയായിരുന്നു.