ഓണത്തിന്റെ അവകാശികള്‍?

Posted on: September 7, 2014 12:00 am | Last updated: September 7, 2014 at 11:44 am
SHARE

onamഎല്ലാ ആഘോഷങ്ങള്‍ക്കും സമാനമായൊരു സ്വഭാവമുണ്ട്-അതിന് പ്രത്യേകമായ അവകാശികളില്ല. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ മതപരമോ ജാതീയമോ ആയ ഒരു മുഖം പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ, അത് കൊണ്ടാടപ്പെടുമ്പോള്‍ ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും. ഹൈന്ദവരുടെ കാവുകള്‍ ഉത്സവത്തിലേക്കുണരുമ്പോള്‍ ഉത്സവപ്പറമ്പുകളെ ജീവന്‍വെപ്പിക്കുന്ന കച്ചവടക്കാരില്‍ നല്ലൊരു പങ്കും മുസ്‌ലിം സമുദായക്കാരായിരിക്കും. മുസ്‌ലിം ജാറങ്ങളില്‍ നേര്‍ച്ചയെത്തുമ്പോള്‍ ഈ സാഹോദര്യം ഒന്നുകൂടി സുദൃഢമാകുന്നത് കാണാം. ക്രൈസ്തവരുടെ പള്ളിപ്പെരുന്നാളെത്തുമ്പോള്‍ അവിടെ മൂന്ന് സമുദായങ്ങള്‍ തോള്‍ചേരുന്നു.
ഇങ്ങനെ ആഘോഷങ്ങളോരോന്നും മതമൈത്രിയിലേക്കുള്ള ഓരോരോ വഴികള്‍ തുറന്നിടുമ്പോഴും അവയൊക്കെയും നിലനില്‍ക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെയോ ജാതിയുടെയോ പിന്‍ബലത്തിലാണെന്ന് കാണാം. ഈ ആഘോഷങ്ങള്‍ക്കിടയില്‍ ഓണത്തിന് വേറിട്ടൊരു ഭാവമുണ്ട്. വലിയവനും ചെറിയവനുമില്ലാത്ത മഹത്തായൊരു ലോകസങ്കല്‍പ്പമാണ് ഓണം മുന്നോട്ടുവെക്കുന്നത്. ആചാരങ്ങളുടെ കാര്‍ക്കശ്യമില്ലാത്തതുകൊണ്ടും ആഘോഷത്തിന്റെ തലത്തിലേക്കെത്തുമ്പോള്‍ ജാതീയമോ മതപരമോ ആയ ഒരു മുഖം പ്രദര്‍ശിപ്പിക്കാത്തതുകൊണ്ടുമൊക്കെയാകാം മറ്റ് ആഘോഷങ്ങളില്‍ നിന്നൊക്കെ വിഭിന്നമായി സവിശേഷമായൊരു സ്വീകാര്യത ഓണത്തിന് ലഭിച്ചുപോരുന്നത്.
അങ്ങനെ എല്ലാവരുടേതുമായിത്തീരുന്ന, പ്രത്യേകം അവകാശികളില്ലാത്ത ഓണത്തിന്മേല്‍ മലയാളിക്ക് എന്തുമാത്രം അവകാശമുണ്ടെന്ന് ചികഞ്ഞാല്‍ ഉള്ള അവകാശം പോലും തമിഴകത്തിന് തീരെഴുതിക്കൊടുത്തത് കാണാം. ഓണക്കാലത്തെ മുന്‍നിര്‍ത്തി നിലമൊരുക്കുകയും വിത്തിറക്കുകയുമൊക്കെ ചെയ്തിരുന്ന കേരളീയരിപ്പോള്‍ ഓണമെത്തുമ്പോള്‍ പച്ചക്കറിക്കും പൂവിനും വരെ തമിഴ്‌നാട്ടിലേക്ക് കൈനീട്ടുകയാണ്. അങ്ങനെ ഓണത്തിന് പുതിയ അവകാശികളുണ്ടാകുന്നു. ഓണസങ്കല്‍പ്പത്തിന്റെ സ്വീകാര്യതയുടെ കാര്യത്തിലാണെങ്കില്‍ ഇനിയും അവകാശികളാകാം. എന്നാല്‍, മലയാളിയുടെ അനഭിലഷണീയമായൊരു പ്രവണതയിലേക്കാണ് ഓണത്തിന്റെ പുതിയ അവകാശികള്‍ വിരല്‍ചൂണ്ടുന്നത്. ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടുമെല്ലാം അനുഗൃഹീതമായ നമ്മുടെ മണ്ണിനെയും അതുവഴി കാര്‍ഷിക സംസ്‌കാരത്തേയും മറന്ന് പരാശ്രയജീവികളായി മാറുന്ന മലയാളി ഓര്‍ക്കണം, ഓണത്തിന് നമ്മെ ഊട്ടാനുള്ള അവകാശികളാണ് തമിഴകക്കാര്‍. ജീവിതമാര്‍ഗത്തിന്റെ പുതിയ പുതിയ വഴികളിലൂടെ അന്യ സംസ്ഥാനക്കാര്‍ ഓണത്തിന്റെ പുത്തന്‍ അവകാശികളായി കടന്നുവരുമ്പോള്‍, ഒന്നും അവകാശപ്പെടാനില്ലാത്തവനായി മലയാളി മാറുമ്പോള്‍, സമഭാവനയുമായി അത്തം മുതല്‍ ഊര് ചുറ്റാനെത്തുന്ന മഹാബലി എന്ന മഹാ സങ്കല്‍പ്പത്തിന് എന്ത് പ്രസക്തി?
പക്ഷേ, എല്ലാത്തിനും ന്യായീകരണങ്ങളാണ് മലയാളിക്ക്. ‘നാടന്‍’ എന്നും ‘തനത്’ എന്നുമൊക്കെ ഹൃദയത്തില്‍ തൊട്ട് പറയുമ്പോള്‍ തന്നെ എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും കാലഘട്ടത്തിന് ആവശ്യമില്ലാത്തതിനെ, അത് ആചാരാനുഷ്ഠാനങ്ങളായിരുന്നാലും ജീവിതരീതിയായിരുന്നാലും പ്രത്യയശാസ്ത്രമായിരുന്നാല്‍ പോലും കാലം തിരസ്‌കരിക്കുമെന്നുകൂടി അവന്‍ പറയും. അതുകൊണ്ടുതന്നെ ഇന്ന് നാം കാത്തുപരിപാലിക്കുന്നതെല്ലാം നിലനില്‍ക്കണമെന്ന് ശഠിക്കുന്നതിലെ യുക്തി എന്താണ്? ഇനി, നിലനിന്നാല്‍ തന്നെ അവയുടെ സ്വഭാവവും ധര്‍മവുമൊക്കെ പഴയതുതന്നെ ആകുമോ? ആഘോഷമോ, ആചാരമോ, അനുഷ്ഠാനമോ എന്തുമാകട്ടെ, അതിനെ നിലനിര്‍ത്തുന്ന സ്വാഭാവികമായൊരു അന്തരീക്ഷമുണ്ട്. ആ അന്തരീക്ഷത്തെ നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിന് ഉണങ്ങിയ മരത്തിന് വെള്ളമൊഴിക്കണം? പത്ത് ദിവസത്തെ അവധിയിലൂടെ അധ്യാപകരും വിദ്യാര്‍ഥികളും നാല് ദിവസത്തെ അവധിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ മഹാബലിയെ ഓര്‍ത്തുകൊണ്ടേയിരിക്കും. മാറ്റങ്ങളുടെ ഈ പ്രളയകാലത്ത് മഹാബലിക്ക് ഇതില്‍പ്പരം എന്ത് വേണം?