ജനവാസ കേന്ദ്രം മിച്ച ഭൂമിയായി പ്രഖ്യാപനം: പ്രതിഷേധം ശക്തമാകുന്നു

Posted on: September 7, 2014 11:38 am | Last updated: September 7, 2014 at 11:38 am
SHARE

പാലക്കാട് : കഞ്ചിക്കോട്ട് ജനവാസ കേന്ദ്രങ്ങളെ മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പുതുശ്ശേരി സെന്‍ട്രല്‍ പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലായി ആയിരം ഏക്കറോളം പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രദേശവാസികള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്. സി പിഎമ്മിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയാണ് സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം കഞ്ചിക്കോട്ടുകാര്‍ അറിയിച്ചത്.കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞടുപ്പിന് തൊട്ടുമുമ്പായാണ് കഞ്ചിക്കോട്ടെ 850 ഏക്കറോളം ഭൂമി ലാന്‍ഡ് ട്രിബ്യൂണല്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചത്.
പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ആയിരത്തി അഞ്ഞൂറോളം കുടംബങ്ങളെ പെരുവഴിയിലിറക്കുന്നതായിരുന്നു ഈ നടപടി.
പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെയും അഭിപ്രായം പരിഗണിക്കാതെയും ഏകപക്ഷീയമായി ലാന്‍ഡ് ട്രിബ്യൂണല്‍ നടത്തിയ ഈ നടപടിയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. പുതുശ്ശേരി സെന്‍ട്രല്‍ പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളുടെ പരിധികളില്‍ വരുന്ന ഭൂമിയാണ് മിച്ചഭൂമിയായി ലാന്‍ഡ് ട്രിബ്യൂണല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
62 മുതല്‍ കൈവശം വച്ചുവരുന്നതും 72 ല്‍ പട്ടയം ലഭിച്ചതുമായ ഭൂമിയാണ് ഈ ഉത്തരവ് പ്രകാരം നാട്ടുകാര്‍ക്ക് നഷ്ടമാകുക. ഉത്തരവിറങ്ങിയ ശേഷം ഈ പട്ടികയിലുള്‍പ്പെട്ട ‘ൂമിയില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ കരം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഭൂമി നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്ന് ലാന്‍ഡ് ട്രിബ്യൂണലിനോട് നടപടികള്‍ നിര്‍ത്തി വക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും തീരുമാനം നടപ്പിലാകാതെ വന്നതിനെ തുടര്‍ന്നാണ് ധര്‍ണ്ണ ഉള്‍പ്പെടെയുള്ള പരസ്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ് ഈ പ്രദേശത്തുകാര്‍.