Connect with us

Wayanad

ഓട്ടോ, ടാക്‌സികള്‍ 11ന് പണിമുടക്കും

Published

|

Last Updated

കല്‍പ്പറ്റ: ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഈമാസം 11ന് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ 25മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജൂലൈ 1,2 തീയതികളില്‍ നടത്താനിരുന്ന സമരം ജൂണ്‍ 27ന് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിയത്. അന്ന് ഉന്നയിച്ച ആവശ്യങ്ങളില്‍ ചാര്‍ജ് വര്‍ധന ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടിന് കാലതാമസം നേരിട്ടാല്‍ ജൂലൈ 31നകം സര്‍ക്കാര്‍ ഏകപക്ഷീയമായി ചാര്‍ജ് വര്‍ധിപ്പിക്കൂമെന്നുമായിരുന്നു അന്ന് നല്‍കിയ ഉറപ്പ്. ഇതേതുടര്‍ന്നാണ് ചക്രസ്തംഭന സമരം പിന്‍വലിച്ചത്. എന്നാല്‍ ജൂലൈ 31 കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ചാര്‍ജ് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.സുഗതന്‍, ടി.മണി, സി.കെ.സുരേന്ദ്രന്‍, കെ.ബി.രാജുകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.