Connect with us

Wayanad

തിരുവോണം: ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും തിരക്കിലമര്‍ന്നു

Published

|

Last Updated

കല്‍പ്പറ്റ: തിരുവോണത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും തിരക്കിലമര്‍ന്നു. ഓണത്തിന് ഒരാഴ്ച മുമ്പേ ജില്ലയിലെ നഗരങ്ങളില്‍ തിരക്ക് ആരംഭിച്ചിരുന്നു. അയല്‍ സംസ്ഥാന കച്ചവടക്കാരടക്കം നിരവധി വഴി വാണിഭക്കാരാണ് ഓണ വിപണിയില്‍ സജീവമായിരുന്നത്. ആഴ്ചകളായി ടൗണുകള്‍ വഴിയോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ സാധാരണക്കാര്‍ക്ക് വഴിയോര കച്ചവടക്കാര്‍ ഏറെ അനുഗ്രഹമായി. തുണി, പച്ചക്കറി, പൂക്കള്‍ തുടങ്ങിയവയാണ് പ്രധാനമായും വഴിയോരക്കച്ചവടക്കാര്‍ വിപണനം നടത്തിയിരുന്നത്.കുടുംബശ്രീയുള്‍പ്പെടെയുള്ളവര്‍ കച്ചവടം നടത്തുന്നുണ്ട്. പച്ചക്കറി കടകളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രധാന നഗരങ്ങളിലെ വീഥികള്‍ മുഴുവനും പൂ കച്ചവടക്കാര്‍ നിറഞ്ഞു. വിദ്യാലയങ്ങള്‍ അടക്കുന്ന ദിവസമായതിനാല്‍ മിക്കവാറും എല്ലാ വിദ്യാലയങ്ങളിലും പൂക്കള മത്സരം നടന്നിരുന്നു.
ഓണാവധി കഴിഞ്ഞ് ഇനി പത്താം തീയതി മാത്രമേ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കൂ. ആര്‍ടിഒ ഓഫീസിലാണ് ഏറ്റവും അധികം തിരക്കുണ്ടായത്. തിരക്ക് കാരണം നഗരങ്ങളില്‍ ഗതാഗതസ്തംഭനം ഉണ്ടായി. മാനന്തവാടിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ പോലിസിനെ ടൗണില്‍ വിന്യസിച്ചു. അതോടൊപ്പം തന്നെ വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ മാവേലിയും, പുലികളിയും എത്തിയതോടെ നഗരം ഉത്സവതിര്‍മിര്‍പ്പിലായി. പൂക്കച്ചവടക്കാരാണ് പ്രധാനമായും വഴിയോരം കയ്യടക്കിയത്. അന്യ സംസ്ഥാനത്ത് എത്തിയ പൂക്കള്‍ക്കായിരുന്നു വിപണിയില്‍ ഡിമാന്റ്. വിലവര്‍ധനവ്
പൂ വിപണിയിലും ദൃശ്യമാണ്. വഴിയോര തുണിക്കച്ചവടവും പൊടിപൊടിച്ചു. വലിയ തുണിക്കടകളില്‍ കയറി തുണിവാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് വഴിവാണിഭക്കാര്‍ തുണയായി. ഇടക്കിടക്ക് പെയ്യുന്ന മഴ കച്ചവടക്കാരേയും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരേയും അലട്ടി. വിലക്കയറ്റം കാരണം പഴയതുപോലെ കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.ഓണക്കാലത്തും ഈ വന്‍ വിലവര്‍ദ്ധനവ് പിടിച്ചു നിറത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ന്യായ വലയില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കാന്‍ വൈകിയതും പൊതുജനത്തിന് ഇരുട്ടടിയായി. ഹോട്ടികോര്‍പ്പ്, വിഎഫ്പിസികെ തുടങ്ങിയവയിലെ പച്ചക്കറി ചന്തകള്‍ വൈകിയാണ് ഇപ്രാവശ്യം ആരംഭിച്ചിട്ടുള്ളത്.വിലക്കയറ്റമാണെങ്കിലും സാധനങ്ങള്‍ വാങ്ങി തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍.

Latest