Connect with us

Kozhikode

കൈത്തറി തൊഴിലാളികള്‍ക്ക് വറുതിയുടെ തിരുവോണം

Published

|

Last Updated

കോഴിക്കോട്: കൈത്തറി വ്യവസായം കടുത്ത പ്രതിസന്ധിയിലായതോടെ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്ന് വറുതിയുടെ തിരുവോണം. നൂറുകണക്കിന് തൊഴിലാളികള്‍ അംഗമായ പ്രാഥമിക സംഘങ്ങള്‍ക്ക് റിബേറ്റിനത്തില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ നല്‍കാനുണ്ട്. 35 തൊഴിലാളികളുള്ള നടുവണ്ണൂര്‍ പ്രാഥമിക സഹകരണ സംഘത്തിന് ലഭിക്കാനുള്ള റിബേറ്റ് കുടിശ്ശിക ആറ് ലക്ഷം രൂപയാണ്. ബാലുശേരി, നന്മണ്ട, പുന്നശേരി, വടകര, കണ്ണഞ്ചേരി, കൊയിലാണ്ടി, പേരാമ്പ്ര, കൂത്താളി, മണിയൂര്‍ മേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കൈത്തറി ഉല്‍പ്പന്നങ്ങളാണ് ഓണവിപണിയില്‍ വിറ്റഴിക്കുന്നത്. ഹാന്‍ഡെക്‌സ് മുഖേനയാണ് ഇവ മേളയിലും മറ്റും വിറ്റഴിക്കുന്നത്.
2001 മുതലുള്ള റിബേറ്റ് തുകയാണ് കുടിശ്ശികയായുള്ളത്. കേന്ദ്ര സബ്‌സിഡി വര്‍ഷങ്ങള്‍ക്കു മുമ്പേ നിലച്ചിട്ടുണ്ട്. റിബേറ്റ് നല്‍കുന്ന തുക ലഭിക്കാന്‍ കടുത്ത വ്യവസ്ഥകളാണുള്ളത്. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു സീസണുകളിലാണ് കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കുന്നത്. തുച്ഛമായ കൂലിയാണ് കൈത്തറി മേഖലയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.
രാവിലെ മുതല്‍ വൈകിട്ടുവരെ ജോലിയെടുത്താന്‍ അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ തുണിയാണ് നെയ്യാനാവുക. ഇതിന് 250 രൂപയാണ് കൂലി. തുണിക്കാവശ്യമായ നൂല്‍ ചുറ്റിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് 150 രൂപയാണ് ഇപ്പോഴും കൂലി. ഹാന്റക്‌സിന്റെ പ്രവര്‍ത്തനം താളംതെറ്റിയതോടെ സംഘങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഭീമമായ ബാങ്ക് വായ്പ എടുത്താണ് പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്.
മുതലും പലിശയും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് തൊഴിലാളികളുടേത്. സൊസൈറ്റിയില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ഭൂരിഭാഗം തൊഴിലാളികളും മറ്റു മേഖലകളില്‍ അഭയം പ്രാപിക്കുകയാണ്.

Latest