അനീഷ്‌കുമാറിന്റെ മരണം: കര്‍ശന നടപടി വേണമെന്ന് സി പി എം

Posted on: September 7, 2014 11:00 am | Last updated: September 7, 2014 at 11:00 am
SHARE

cpim logoകോഴിക്കോട്: മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടതിനെതുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അധ്യാപകന്‍ അനീഷ്‌കുമാറിന്റെ ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
2011 ല്‍ പെന്‍ഷന്‍ സ്വകാര്യവത്കരണത്തിനെതിരെ നടന്ന പണിമുടക്കില്‍ പങ്കെടുത്തതിന്റെ പകതീര്‍ക്കാനാണ് വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെതിരെ നടപടി സ്വീകരിച്ചത്. അധ്യാപകന്‍ നല്‍കിയ പരാതിയുടെയും കെ എസ് ടി എയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ ഡി ഇ ഒ നടപടി റദ്ദ് ചെയ്തിരുന്നു. പിന്നീട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ മുസ്‌ലിം ലീഗിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സമ്മര്‍ദ്ദത്തെതുടര്‍ന്ന് അനീഷ്‌കുമാറിനെ പിരിച്ചുവിടുകയായിരുന്നു. റിട്ടയര്‍ ചെയ്യുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ദുരൂഹത യുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനെപോലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും അനീഷിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് സി പി എം ആരോപിച്ചു.
കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്ന വര്‍ഗീയവത്കരണത്തിന്റെയും കച്ചവടവത്കരണത്തിന്റെയും രക്തസാക്ഷിയാണ് അനീഷ്‌കുമാര്‍. അന്തരിച്ച അധ്യാപകന്റെ മൃതശരീരം താന്‍ വര്‍ഷങ്ങളായി ജോലിചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുറ്റത്ത് വെക്കാന്‍പോലും മാനേജ്‌മെന്റ് അനുവദിക്കാതിരുന്നത് നിതീകരിക്കാനാവില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നികൃഷ്ടമായ പ്രചാരണമാണ് മാനേജ്‌മെന്റിന്റെ പിണിയാളുകള്‍ നടത്തിവരുന്നതെന്നും സി പി എം കുറ്റപ്പെടുത്തി.