ഒടുവില്‍ അധികൃതര്‍ കണ്ണുതുറന്നു; ആദിവാസി യുവതിക്ക് ചികിത്സ നല്‍കി

Posted on: September 7, 2014 10:59 am | Last updated: September 7, 2014 at 10:59 am
SHARE

കാളികാവ്: അവസാനമാണെങ്കിലും അധികൃതര്‍ ആദിവാസികളുടെ ദുരിതം കണ്ടു. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അവശനിലയിലായിരുന്ന 27 കാരിയായ അമ്പിളിയെ പരിശോധിക്കാന്‍ ഡോക്ടറും സംഘവും കോളനിയിലെത്തി. ചോക്കാട് ഗ്രാമ പഞ്ചായത്തിലെ നെല്ലിയാംപാടം ആദിവാസികോളനിയില്‍ അധികൃതര്‍ എത്തി. തൊഴിലില്ലായ്മയും ദാരിദ്യവും കാരണം കടുത്ത ദുരിതത്തിലായ ആദിവാസികള്‍ക്ക് ഓണക്കാലത്ത് നല്‍കേണ്ട അരിയും മറ്റ് പലവെഞ്ജനങ്ങളുമായി ഐ ടി ഡി പി പ്രൊമോട്ടര്‍മാര്‍ പാഞ്ഞെത്തി.
കോളനിക്കാര്‍ക്ക് ഓണത്തിന് മുമ്പ് വിതരണം ചെയ്യേണ്ട സാധനങ്ങള്‍ വെള്ളിയാഴ്ച രാവിലെത്തന്നെ കോളനിയില്‍ വിതരണം ചെയ്തു. എസ് ടി പ്രൊമോട്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള നാല് പ്രൊമോട്ടര്‍ മാരാണ് കോളനിയില്‍ സാധനങ്ങള്‍ എത്തിച്ച് വിതരണം ചെയ്തത്. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പി എച് സിയിലെ മെഡിക്കല്‍ ഓഫീസറും സംഘവും അമ്പിളിയുടെ കൂരയിലെത്തിയത്. എഴുനേല്‍ക്കാന്‍ പോലും കഴിയാതെ അവശയായി യുവതിക്ക് കടുത്ത പനിയും അനീമിയയും ബാധിച്ചിട്ടുണ്ടെന്നും, കഴുത്തിന്റെ ഭാഗത്ത് ഉണ്ടായിട്ടുള്ള നീര്‍ക്കെട്ട് അടക്കമുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഡോക്ടര്‍ അനുപമ പറഞ്ഞു.
പോഷകാഹാരക്കുറവ് കാരണമാണ് രക്തക്കുറവുണ്ടാകാന്‍ കാരണമെന്നും വിധഗ്ദ ചികിത്സ ആവശ്യമായി വന്നതിനാല്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഡോക്ടര്‍ പറഞ്ഞു. അമ്പിളിയുടെ ചികിത്സക്കാവശ്യമായ എല്ലാ സഹായവും ഐ ടി ഡി പി ചെയ്ത് കൊടുക്കുമെന്നും തിങ്കളാഴ്ച തന്നെ മഞ്ചേരി ആശുപത്രിയില്‍ കൊണ്ട് പോകുമെന്നും പ്രൊമോട്ടര്‍ ശ്രീകുമാറും പറഞ്ഞു. കോളനിക്കാരുടെ ദുരിതങ്ങള്‍ സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നാട്ടുകാരായ കെ ടി മജീദ്, പി അബ്ദുല്ലത്തീഫ് എന്നിവരാണ് കോളനിക്കാരുടെ ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടെത്തിക്കുന്നത്.