Connect with us

Kasargod

മത്സരാര്‍ഥികള്‍ മള്ഹറിനോട് വിടചൊല്ലിയത് മനം നിറഞ്ഞ്

Published

|

Last Updated

മഞ്ചേശ്വരം: മള്ഹര്‍ ക്യാമ്പസിലെ താജുല്‍ ഉലമാ നഗറില്‍ രണ്ട് ദിനം ആസ്വാദനത്തിന്റെ പെരുമഴ തീര്‍ത്ത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഇന്നലെ വൈകിട്ട് തിരശ്ശീല വീണതോടെ പ്രതിഭകളും മത്സരാര്‍ഥികളും തിരിച്ചുപോയത് മനം നിറഞ്ഞു സന്തോഷമായി. മികച്ച സംഘാടനവും കുറ്റമറ്റ താമസ-ഭക്ഷണ സജ്ജീകരണങ്ങളും ഒരുക്കി സാഹിത്യോത്സവിനെ അവിസ്മരണീയ അനുഭവമാക്കി മാറ്റുകയായിരുന്നു മള്ഹര്‍ നേതൃത്വം സ്വാഗത സംഘവും.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കര്‍മനിരതരായ സന്നദ്ധ ഭടന്മാരും വളണ്ടിയര്‍ വിംഗും പ്രശംസ പിടിച്ചുപറ്റി. എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചും എസ് എസ് എഫ് സംസ്ഥാന ജില്ലാ നേതൃത്വവും എസ് വൈ എസ് ജില്ലാ ഘടകവും രംഗത്തിറങ്ങി. എസ് എസ് എഫ് സോണ്‍ സെക്ടര്‍ കമ്മിറ്റി കൈമെയ് മറന്ന് അധ്വാനിച്ചപ്പോള്‍ സാഹിത്യോത്സവ് എല്ലാ നിലയിലും മികവുറ്റതായി. സംഘടന-സ്ഥാപന കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു മള്ഹറിലെ സാഹിത്യോത്സവ്.
ഓരോ നേരവും അയ്യായിരത്തിലേറെ പേര്‍ക്ക് ഒരു കുറവും വരാതെ ഭക്ഷണ സൗകര്യം ഒരുക്കി ഭക്ഷ്യവിഭാഗം മാതൃക കാട്ടി. ഒരു വിവാഹ പന്തലിന്റെ പ്രതീതിയായിരുന്നു ഉസ്മാന്‍ ഹാജിയുടെ കോമ്പൗണ്ടില്‍. ആര്‍ എസ് സിയുടെയും ഐ സി എഫിന്റെയും സജീവ നേതാക്കള്‍ പോലും ആസ്വാദനങ്ങള്‍ വിടചൊല്ലി ഊട്ടുപുരയില്‍ സജീവമാവുകയായിരുന്നു. മത്സരാര്‍ഥികള്‍ക്ക് പുറമെ സഹായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടി ഭക്ഷണം ഒരുക്കിയത് ഏറെ ആശ്വാസമായി. എല്ലാ സമയത്തും സദസ്സ് മത്സരാര്‍ഥികള്‍ക്ക് നല്ല പിന്തുണയാണ് പകര്‍ന്നത്. ഗാനപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ സദസ്സാകെ മൂളിപ്പാടുന്നത് കാണാമായിരുന്നു. എല്ലാ പരിപാടികളെയും തക്ബീര്‍ ധ്വനികളോടെയാണ് സദസ്സ് വരവേറ്റത്.
മഴയുടെ പ്രതികൂല കാലാവസ്ഥയിലും എന്നും ഓര്‍ത്തുവെക്കാന്‍ ഒരു പിടി മധുരസ്മരണകള്‍ സമ്മാനിച്ച് സാഹിത്യോത്സവിന് തിരശ്ശീല വീഴുമ്പോള്‍ സംസ്ഥാന നേതൃത്വത്തിനോടൊപ്പം നിറഞ്ഞ ചാര്‍ദാര്‍ത്ഥ്യമാണ് മള്ഹര്‍ നേതൃത്വത്തിന്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യായിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന എസ് എസ് എഫ് ഒരുക്കിയ ഖാലിദിയ്യ പ്രതിനിധി സമ്മേളനത്തിന് ശേഷം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു കൂടി ആഥിത്യമരുളാന്‍ ഭാഗ്യം ലഭിച്ച നിര്‍വൃതിയിലാണ് മഞ്ചേശ്വരം മള്ഹര്‍ പ്രവര്‍ത്തകര്‍.