ലോകകപ്പ് ഫൈനല്‍ കളിക്കരുതെന്ന് റയല്‍ ആവശ്യപ്പെട്ടു: ഡി മരിയ

Posted on: September 7, 2014 12:01 am | Last updated: September 7, 2014 at 12:01 am
SHARE

MARIAബ്യൂണസ്‌ഐറിസ്: ലോകകപ്പ് ഫൈനല്‍ കളിക്കരുതെന്ന നിര്‍ദേശം റയല്‍മാഡ്രിഡ് തനിക്ക് നല്‍കിയിരുന്നുവെന്ന് അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മാരിയ. ജര്‍മനിക്കെതിരായ ഫൈനലിന്റെയന്ന് രാവിലെയാണ് റയല്‍മാഡ്രിഡ് ക്ലബ്ബ് പ്രസിഡന്റിന്റെ കത്ത് ഡി മാരിയക്ക് ലഭിക്കുന്നത്. ഒരു കാരണവശാലും ഫൈനല്‍ കളിക്കരുതെന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അത് അപ്പോള്‍ തന്നെ താന്‍ കീറിക്കളഞ്ഞു – ഡി മാരിയ അര്‍ജന്റൈന്‍ റേഡിയോ സ്റ്റേഷന്‍ അമേരിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇക്കാര്യം അര്‍ജന്റീന കോച്ച് അലസാന്‍ഡ്രൊ സബെലയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പരിക്ക് പൂര്‍ണമായും ഭേദമാകാതെ കളിക്കേണ്ടെന്നായിരുന്നു കോച്ച് നിര്‍ദേശിച്ചത്. എന്നാല്‍, ഉള്ള ഫിറ്റ്‌നെസും വെച്ച് രാജ്യത്തിന് വേണ്ടി പരമാവധി ചെയ്യാന്‍ തയ്യാറാണെന്ന് ഡി മാരിയ കോച്ചിനെ അറിയിച്ചു. സബെല സ്‌നേഹപൂര്‍വം ഡി മാരിയയെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-2ന് തകര്‍പ്പന്‍ ജയം നേടിയത് ഡി മാരിയയുടെ മികവിലായിരുന്നു. മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഒരു ഗോള്‍ നേടിയും ഡി മാരിയ നിറഞ്ഞു നിന്നു.
റയല്‍മാഡ്രിഡ് വിടാന്‍ കാരണം സാമ്പത്തികം മാത്രമല്ലെന്നും ഡി മാരിയ വ്യക്തമാക്കി. റയല്‍ പ്രസിഡന്റ് പറഞ്ഞ് നടക്കുന്നത് ശമ്പളത്തില്‍ തൃപ്തിവരാതെ ക്ലബ്ബ് വിട്ടുവെന്നാണ്. അവര്‍ തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. അത് ക്ലബ്ബ് പ്രസിഡന്റുമായുള്ള സ്വരച്ചേര്‍ച്ചകൊണ്ടായിരുന്നു. അതേ സമയം ക്ലബ്ബിലെ മറ്റുള്ളവരുമായി തനിക്ക് ഹൃദ്യമായ ബന്ധമായിരുന്നു. ക്രിസ്റ്റ്യാനോയും താനും മികച്ച കോമ്പിനേഷനായിരുന്നു. ഉറ്റ സുഹൃത്തായ ക്രിസ്റ്റ്യാനോ തന്നെ ഒഴിവാക്കുന്നതിനെതിരെ ക്ലബ്ബില്‍ ശബ്ദമുയര്‍ത്തിയത് അതുകൊണ്ടാണ്. വൈകാതെ തന്നെ ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്നാണ് തന്റെ വിശ്വാസം-ഡി മാരിയ പറഞ്ഞു.