Connect with us

Kerala

പ്രവാസിയുടെ കൊലപാതകം: മകന്‍ അറസ്റ്റില്‍

Published

|

Last Updated

murderപരപ്പനങ്ങാടി: പ്രവാസി വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂത്ത മകനെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂര്‍ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ മുണ്ടത്തറ കോളനി റോഡിലെ പൂമടത്തില്‍ മുഹമ്മദി(52)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയിരുന്നത്. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിയ മുഹമ്മദ് വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. 17 വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ചുവരുന്ന മുഹമ്മദ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ എത്തിയത്. സംഭവ ദിവസം മുതല്‍ മൂത്ത മകന്‍ അഷ്‌റഫി(29)നെ കാണതാവുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരളഴിക്കാന്‍ മലപ്പുറം എസ് പി താനൂര്‍ സി ഐ. എം സി ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും സംഘം കാണാതായ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ബംഗളൂരുവില്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അശ്‌റഫ് ബംഗളൂരുവിലേക്ക് കടന്നതായി സംശയിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തകയുമായിരുന്നു.
ഇതിനിടെ അശ്‌റഫിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് അശ്‌റഫ് ബംഗളൂരുവില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അന്വേഷണത്തിനായി ബംഗളൂരുവിലെത്തി. ഇതിനിടെ പോലീസ് അന്വേഷണം തന്നെ കേന്ദ്രീകരിച്ചാണെന്ന് മനസ്സിലാക്കിയ അശ്‌റഫ് അവിടെ നിന്നും മുങ്ങുകയും തന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷം പന്തിയല്ലെന്ന് മനസ്സിലാക്കി കീഴടങ്ങാന്‍ എത്തുകയുമായിരുന്നു. അശ്‌റഫ് പിതാവ് മുഹമ്മദിന്റെ കൂടെ സഊദിയിലെ റിയാദില്‍ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി വിവിധ ജോലികളില്‍ വ്യാപൃതനായിരിക്കെയാണ് ബംഗളൂരുവിലേക്ക് പോയി വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കിയത്.
പിതാവ് മുഹമ്മദ് നാട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ അശ്‌റഫ് ജോലി സ്ഥലമായ ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയിരുന്നു. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് കൊല ചെയ്യാന്‍ ഉപയോഗിച്ച വെട്ടുകത്തി വാങ്ങി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ എത്തിയ മുഹമ്മദ് പാലക്കാട് നിന്നും മറ്റൊരു വിവാഹം കഴിച്ചിരുന്നു.
ഇതിനെ ചൊല്ലി നാട്ടിലെത്തിയ ദിവസം വീട്ടില്‍ വെച്ച് കലഹം ഉണ്ടാവുകയും വ്യാഴാഴ്ച വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടന്ന കട്ടിലില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതി അശ്‌റഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പിതാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നുള്ള പ്രതി അശ്‌റഫിന്റെ കുറ്റസമ്മതം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. എന്നാല്‍ മറ്റെന്തെങ്കിലും സംഭവങ്ങളോ, മറ്റുള്ള പ്രേരണയോ സഹായമോ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇതിനായി പ്രതി അശ്‌റഫിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസ് അന്വേഷണ ചുമതലയുള്ള താനൂര്‍ സി ഐ അറിയിച്ചു.

Latest