Connect with us

Kerala

സ്ത്രീസുരക്ഷാ നിയമം: നടപടികള്‍ ഇഴയുന്നു

Published

|

Last Updated

o-VIOLENCE-AGAINST-WOMEN-facebookതിരുവനന്തപുരം: കൊട്ടിഘോഷിച്ച് രൂപം നല്‍കിയ സ്ത്രീസുരക്ഷാ നിയമം പാസാക്കുന്നതില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പൊതു തെളിവെടുപ്പ് നടത്താന്‍ പോലും ഇതുവരെയായില്ല. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ചുവട് പിടിച്ചാണ് കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്ലിന് രൂപം നല്‍കിയത്. സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബില്ലിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് തെളിവെടുത്ത ശേഷമേ ബില്‍ പാസാക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. 2013 ഫെബ്രുവരി 13നാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്.

വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശത്തെ തുടര്‍ന്ന് ഈ മാസം 23ന് പൊതുതെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമനിര്‍മാണത്തെക്കുറിച്ച് വ്യക്തികളില്‍ നിന്നും സംഘടനകള്‍, സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ഭാരവാഹികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുമെന്നാണ് അറിയിപ്പ്. ഇതിനായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി സെപ്തംബര്‍ 23ന് രാവിലെ എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സമിതി യോഗം ചേരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന് കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് യോഗം ചേരുമെന്നറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്, എം എല്‍ എമാരായ ടി എ അഹ്മദ് കബീര്‍, കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, തേറമ്പില്‍ രാമകൃഷ്ണന്‍, കെ സുരേഷ് കുറുപ്പ്, ബെന്നി ബെഹനാന്‍ എന്നിവര്‍ അംഗങ്ങളാണ്. വനിതകള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.