Connect with us

Articles

ടൈറ്റാനിയം: മുഖ്യമന്ത്രിയുടെ ശ്രമം കോടതിയെ സ്വാധീനിക്കല്‍

Published

|

Last Updated

ടൈറ്റാനിയം മാലിന്യനിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പുറത്തു വന്ന ശേഷം കോടതി വിധിയെ അധിക്ഷേപിച്ചുകൊണ്ട് മുഖ്യമന്ത്രിയും ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്.
തിരുവന്തപുരം വിജിലന്‍സ് കോടതി, മുഖ്യമന്ത്രിയുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി വിധിപ്രസ്താവം നടത്തിയോ? മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന പൊള്ളവാദങ്ങള്‍ എവിടെയും പറയാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിട്ടില്ലേ? വിജിലന്‍സ് കോടതിയില്‍ പരാതിനല്‍കിയ ജയന്‍, രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഹരജി നല്‍കിയതാണോ? ഈ അഴിമതി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആദ്യമായി ഉയര്‍ന്നതാണോ?
2011 ല്‍ ടി ടി പിയിലെ മുന്‍തൊഴിലാളി ജയന്‍ തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജന പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജലന്‍സിന് ഉത്തരവ് നല്‍കി. വിജിലന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ നിരവധി പേരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ വ്യവസായ മന്ത്രി എന്ന നിലയില്‍ എന്നോട് ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിരുന്നു. ഞാന്‍ വസ്തുതാപരമായ വിശദീകരണം നല്‍കുകയുണ്ടായി. മുഖ്യമന്ത്രി രണ്ട് തവണയായി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മൊഴി ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. അതെല്ലാം വിശദമായി പരിശോധിച്ച കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വിധി പറയുകയാണുണ്ടായത്. കോടതി തള്ളിക്കളഞ്ഞ വാദങ്ങളാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.
ടി ടി പി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന നിയമസഭയില്‍ ശിവന്‍കുട്ടി എം എല്‍ എയും മറ്റ് എല്‍ ഡി എഫ് എം എല്‍ എമാരും ഉന്നയിച്ചതാണ്. മുഖ്യമന്ത്രിക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നായിരുന്നു എം എല്‍ എമാര്‍ യുക്തിയുക്തം വാദിച്ചത്. സഭയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതാണ്. “ഇതിന് മുമ്പു തന്നെ ആരും പ്രതിയാക്കയിരുന്നില്ല” എന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഒരു മുന്‍ തൊഴിലാളി എന്ന നിലയില്‍ തന്റെ കണ്‍മുന്നില്‍ നടന്ന വെട്ടിപ്പിനെക്കുറിച്ചാണ് ജയന്റെ പരാതി. അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളായാനാകില്ല
തന്റെ ഭാഗം ന്യായീകരിക്കാന്‍ നിരവധി അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്ന മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങളെക്കുറിച്ച് മൗനം ദീക്ഷിക്കുന്നത് എന്തുകൊണ്ട്? ചവറ കെ എം എംഎല്ലിലും, മെക്കോണ്‍ എന്ന സ്ഥാപനം, ടി.ടി.പി മോഡല്‍ തട്ടിപ്പ് പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയ കാലത്ത് അനുമതി നേടിയിരുന്നു എന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണമുണ്ടോ? പ്രസ്തുത പദ്ധതിയും എല്‍ഡി എഫ് സര്‍ക്കാര്‍ റദ്ദ് ചെയ്തതാണ്. രണ്ടിന്റെയും ഇടനിലക്കാരന്‍ ഒരേ ആളായിരുന്നു.
ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതി സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വിശദീകരണങ്ങളാണ് മുഖ്യമന്ത്രി നല്‍കുന്നത്. പദ്ധതിയുടെ ക്രമക്കേടില്‍ തനിക്കുള്ള ഉത്തരവാദിത്വം മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മെക്കോണ്‍ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറാക്കിയ മാലിന്യ നിര്‍മാര്‍ജന പദ്ധതി കമ്പനിയുടെ പണം അനാവശ്യമായി തട്ടിയെടുക്കാനുള്ളതായിരുന്നു എന്ന വസ്തുതയെപ്പറ്റി മുഖ്യമന്ത്രി മൗനം ദീക്ഷിക്കുന്നു. ഇവിടെ പ്രസക്തമായ ചോദ്യം – മെക്കോണ്‍ സമര്‍പ്പിച്ച പദ്ധതി, അപ്പാടെ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നോ?
എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ച് കിറ്റ്‌കോയും, മദ്രാസ് ഐ ഐ ടിയിലെ കെമിക്കല്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍ പുഷ്പവനത്തിന്റെ നേതൃത്വത്തില്‍ രൂപവത്കൃതമായിരുന്ന വിദഗ്ദ് കമ്മറ്റിയും, പഠനങ്ങള്‍ക്ക് ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, മെക്കോണ്‍ സമര്‍പ്പിച്ച പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതും അനാവശ്യവുമായിരുന്നു എന്നാണ്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ പരിശോധന നടത്തി പറയുന്ന കാര്യങ്ങളെ എങ്ങനെ തള്ളികളയാനാകും. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയപ്രേരിതമായി റിപ്പോര്‍ട്ട് തയ്യാറാക്കി എന്ന് മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ടോ?
ഒരു കമ്പനിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ തനിക്ക് താഹറപര്യമുള്ള തരത്തില്‍ വളച്ചൊടിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കുമ്പോള്‍ കുറച്ച് പേരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെടും. യു ഡി എഫ് സര്‍ക്കാര്‍ ഈ വിവിധ പദ്ധതി അംഗീകരിക്കുന്നതില്‍ അമിത താല്‍പര്യം കാണിച്ചിരുന്നു എന്നതാണ് വസ്തുത. അത് എന്തിനായിരുന്നു?
മുഖ്യമന്ത്രി സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന് കത്തയച്ചത് 23.04.2005 നാണ്. ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി മെക്കോണിനെ അംഗീകരിച്ചു എന്നായിരുന്നു പ്രസ്തുത കത്ത്. ഇങ്ങനെ കത്ത് എഴുതിയത് ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെട്ടിട്ടാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി കത്തെഴുതുന്നതിന് നാല് മാസങ്ങള്‍ക്ക് മുമ്പ് 21.11.2004 ന് ടൈറ്റാനിയം മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പാക്കുന്നതിനായി ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ ആഗോള ടെണ്ടര്‍ വിളിച്ച് മെക്കോണ്‍ പരസ്യം ചെയ്തിരുന്നു. ടൈറ്റാനിയത്തിന് വേണ്ടി ടെന്‍ഡര്‍ ചെയ്യാന്‍ മെക്കോണിനെ എന്തിന് ചുമതലപ്പെടുത്തി? ടെന്‍ഡര്‍ ചെയ്യാനും പരിശോധിക്കാനും എല്ലാമുള്ള ചുമതല മെക്കോണിന് നല്‍കിക്കൊണ്ടുള്ള പവര്‍ ഓഫ് അറ്റോര്‍ണി എന്തിന് നല്‍കി? ഈ ചോദ്യങ്ങള്‍ മുഖ്യമന്ത്രി കേട്ട ഭാവം നടക്കുന്നില്ല. മെക്കോണ്‍ സ്വന്തം താത്പര്യപ്രകാരം ഇടനിലക്കാരനോടൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതികള്‍ നടപ്പാക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് 28.05.2005 ന് പുറത്തിറക്കുകയും ചെയ്തു. ഇതെല്ലാമാണ് അഭിമാനകരമായ കാര്യമെന്ന് മുഖ്യമന്ത്രി പറയുന്നത്.
പ്രൊജക്ട് കണ്‍സല്‍ട്ടന്റായി അംഗീകാരം നേടിയതിന് ശേഷം മൈക്കോണ്‍ സമര്‍പ്പിച്ച പദ്ധതികള്‍ താഴെ പറയുന്നവയായിരുന്നു. ഒന്നാം ഘട്ടം – ന്യൂട്രലൈസേഷന്‍ പ്ലാന്റ്, ആസിഡ് റിക്കവറി പ്ലാന്റ്, കോപ്രാസ് റിക്കവറി പ്ലാന്റ്. രണ്ടാം ഘട്ടം – മോഡണൈസേഷന്‍, കപ്പാസിറ്റി എന്‍ഹാന്‍സ്‌മെന്റ് (ഉത്പാദനശേഷി വര്‍ധിപ്പിക്കല്‍), വൈവിധ്യവത്കരണം. ഈ പദ്ധതികളില്‍ ഏറ്റവും അത്യാവശ്യമായിരുന്നത് ഫാക്ടറി കടലിലേക്ക് ഒഴുക്കുന്ന മലിനജലത്തിലെ സള്‍ഫ്യൂറിക്ക് ആസിഡിനെയും മറ്റ് മലിന വസ്തുക്കളെയും ലഘൂകരിക്കുന്ന ന്യൂട്രലൈസേഷന്‍ പദ്ധതിയായിരുന്നു. “കെമട്ടൂര്‍ ഇക്കോ പ്ലാനിംഗ് ” എന്ന ഫിന്‍ലാന്‍ഡ് കമ്പനിയുമായി 10.02.2006 ല്‍ ടി ടി പി കരാര്‍ ഒപ്പിട്ടു. തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാറിന്റെ അവസാന നാളുകളില്‍ 28.03.2006 ന് 72 കോടി രൂപയുടെ “ഇര്‍റി വോക്കബിള്‍” (റദ്ദ് ചെയ്യാനാകാത്ത ) എല്‍ സി യൂനിയന്‍ ബേങ്കില്‍ ഓപ്പണ്‍ ചെയ്തു. പദ്ധതി ചെലവിനുള്ള വായ്പ നല്‍കിയത് യൂനിയന്‍ ബാങ്കായിരുന്നു. ഈ ഘട്ടത്തില്‍ നടന്ന മറ്റൊരു തിരിമറി അതിശയകരമാണ്. മൈക്കോണ്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അതില്‍ പങ്കെടുത്തത് “കെമട്ടൂര്‍ ഇക്കോപ്ലാന്റിംഗ്, പ്ലിംഗേ എന്നീ കമ്പനികള്‍ മാത്രമായിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്ന എ വി ഐ യൂറോപ്പ് എന്ന കടലാസ് കമ്പനിയെ പുറകില്‍കൂടി തിരുകി കയറ്റുകയും 72 കോടിയുടെ എല്‍ സിയില്‍നിന്നും 32 കോടി രൂപ അവര്‍ കൈവശപ്പെടുത്തുകയും ചെയ്തു. 30 കോടി രൂപ “കെമട്ടൂര്‍ കമ്പനിയും വാങ്ങി. ടെന്‍ഡറില്‍ പങ്കെടുക്കാത്ത ഒരു കമ്പനിക്ക് 32 കോടി രൂപ വഴിവിട്ട് നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പറയുന്നില്ല. എ വി ഐ യൂറോപ്പ് എന്ന കമ്പനി വെറും കടലാസ് കമ്പനി മാത്രമായിരുന്നു. 72 കോടി രൂപയില്‍ 62 കോടി രൂപയും പുറത്തുപോയി. ബാക്കി 10 കോടി രൂപ വായ്പാ ഗഡുവിലേക്ക് വക കൊള്ളിച്ചു.
ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ കരാര്‍ നല്‍കിയത് വി എ ടെക് എന്ന കമ്പനിക്കായിരുന്നു. ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചതും യു ഡി എഫ് ഭരണകാലത്താണ്. 31.03.2006 ല്‍ ഈ പ്രവൃത്തി മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കമ്പനി ആരംഭിച്ചത്. ഇത് കമ്പനിക്ക് അത്യാവശ്യമുള്ളതായിരുന്നുതാനും. അല്ലാതെ മെക്കോണ്‍ തയ്യാറാക്കിയ പദ്ധതികള്‍ അപ്പാടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി അരംഭിച്ചിരുന്നില്ല. മെക്കോണ്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കരാറുകാരന്‍ വൈകിച്ചതിനാല്‍, സാമ്പത്തിക ബാധ്യത വന്നു എന്ന മുഖ്യമന്ത്രിയുടെ വാദവും ശരിയല്ല. ആ പദ്ധതി നിര്‍ത്തലാക്കിയതിനാല്‍ അടച്ചുപൂട്ടലില്‍നിന്ന് കമ്പനി രക്ഷപ്പെട്ടു എന്നതാണ് വസ്തുത.
ഒരു സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതികള്‍ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ എല്ലാം നിര്‍ത്തിവെക്കുന്ന രീതി ഇല്ല. ടി ടി പി മാലിന്യ നിര്‍മാര്‍ജന പദ്ധതികളിലെ ക്രമക്കേട് സംബന്ധിച്ച് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രദ്ധയില്‍ പെടുന്നത് 2007ലാണ്. ഉടനെ തന്നെ കിറ്റ്‌കോയെപദ്ധതി റിവ്യൂ ചെയ്യാന്‍ നിയോഗിച്ചു. കിറ്റ് കോയുടെ പഠന റിപ്പോര്‍ട്ട് സമഗ്രമല്ലാത്തതിനാലാണ് പുഷ്പവനം കമ്മിറ്റിയെ നിയോഗിച്ചത്. പ്രസ്തുത കമ്മറ്റിയുടെ റിപ്പോര്‍ട്ട് മെക്കോണ്‍ പദ്ധതികളുടെ അപ്രായോഗികതയും അധികചെലവും വെളിപ്പെടുത്തി. പ്രസ്തുത റിപ്പോര്‍ട്ട് എല്‍ ഡി എഫ് സര്‍ക്കാരിന് ലഭിച്ചത് 2008ലാണ്. ഇതിനെതുടര്‍ന്നാണ് മെക്കോണ്‍ പദ്ധതികള്‍ ഉപേക്ഷിക്കാനും ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ടി ടി പിക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ച ഒരു പദ്ധതി ദുരൂഹമായ സാഹചര്യത്തില്‍ അംഗീകാരം നല്‍കുകയും ആ പദ്ധതി നടപ്പാക്കാന്‍ മെക്കോണിനെ അധികാരപ്പെടുത്തുകയും ചെയ്ത ശേഷം 72 കോടി രൂപയുടെ ഇര്‍റിവോക്കബിള്‍ എല്‍ സി (റദ്ദ്‌ചെയ്യാനാകാത്ത ലെറ്റര്‍ ഓഫ് ക്രെഡിറ്റ്) നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും വിവാദ പദ്ധതിയുടെ ക്രമക്കേട് കണ്ടെത്തി റദ്ദ് ചെയ്ത എല്‍ ഡി എഫ് സര്‍ക്കാറും എങ്ങനെയാണ് ഒരുപോലെയാകുന്നത്? ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ സത്യമായിത്തീരുമോ? സങ്കീര്‍ണമായ ഒരു പദ്ധതിയുടെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ അറിയാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ കളങ്കം മൂടിവെക്കാനുള്ള മുഖ്യന്ത്രിയുടെ ശ്രമം ഫലവത്താകില്ല.

Latest