തിരുത്തല്‍ ശക്തിയാകണം

Posted on: September 7, 2014 6:00 am | Last updated: September 6, 2014 at 10:13 pm
SHARE

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന വര്‍ഗീയകലാപങ്ങള്‍ 7,479. 2004മുതല്‍ 2013വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതില്‍ 1,216 പേര്‍ കൊല്ലപ്പെട്ടു എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ള കണക്ക്.(വര്‍ഗീയ കലാപങ്ങളില്‍ ഇതിലുമെത്രയോ പേര്‍ കൊലചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്). 2007മുതല്‍ 2013വരെ കലാപങ്ങളില്‍ 15,465 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സ്ഥിതിവിവരക്കണക്ക് ലോക ആരോഗ്യ സംഘടനയുടെ ദക്ഷിണ-പൂര്‍വേഷ്യന്‍ മേഖലയെ സംബന്ധിച്ചുള്ളതാണ്. ആഗോളതലത്തില്‍ ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണെന്നതാണ് ഈ റിപ്പോര്‍ട്ട്. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ നേരിടാനും അതിജീവിക്കാനും കഴിയാത്ത യുവാക്കളാണ് സ്വയം ജീവനെടുക്കുന്നവരില്‍ ഏറെയും. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പ്രതീക്ഷകള്‍ നശിച്ച വൃദ്ധജനങ്ങളാണ്. ഓരോ വര്‍ഷത്തിലും ഒരു ലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍മാത്രം ആത്മഹത്യചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ മേഖലയിലെ രാജ്യങ്ങളില്‍ അല്‍പ വരുമാനക്കാര്‍ക്കും ഇടത്തരകാര്‍ക്കുമിടയിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ സ്വയം ജീവനൊടുക്കുന്നു. 2012ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് ഇന്ത്യയിലാണ്.-99,977സ്ത്രീകളടക്കം 2,58,075 പേരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്തത്. ഒരു ലക്ഷം പേരില്‍ 21.1 ശതമാനമാണ് ഇന്ത്യയിലെ ആത്മഹത്യാ നിരക്ക്. ഗുയാനയിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിന് 44.2 ശതമാനമാണെന്നാണ് വിലയിരുത്തല്‍. രണ്ടും മൂന്നും സ്ഥാനത്ത് ഉത്തരകൊറിയയും (38.5 ശതമാനം), ദക്ഷിണ കൊറിയയു (28.9 ശതമാനം)മാണ്. അല്‍പ- ഇടത്തര വരുമാന ഗ്രൂപ്പില്‍ പെടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യയില്‍ 75 ശതമാനവും നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത്കുട്ടികളെ എടുത്താല്‍ അവരില്‍ ഒരാള്‍ ലൈംഗിക പീഢനത്തിന് ഇരയാകുന്നുവെന്ന് യുനിസെഫിന്റെ ഏറ്റവും പുതിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 20വയസില്‍ താഴെ പ്രായമുള്ള 12 കോടി കൗമാരക്കാര്‍ നിര്‍ബന്ധിത ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 22ശതമാനം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് സ്വന്തം വീടുകളില്‍വെച്ചുതന്നെയാണ്. സമൂഹത്തില്‍ സംഭവിച്ച ധാര്‍മിക മൂല്യച്യുതിയാണ് ഇതിന് പ്രധാന കാരണം. ശാന്തിയും സമാധാനവും സാഹോദര്യവും അഹിംസയുമെല്ലാം നെഞ്ചോട് ചേര്‍ത്ത് മുറുകെ പിടിച്ചിരുന്ന നമ്മുടെ നാട്ടില്‍ പോലും മാനുഷികബന്ധങ്ങള്‍ ശിഥിലമായിരിക്കുന്നു. രണ്ടും മൂന്നും വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍പോലും ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നു. പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടികളെ കയ്യറപ്പില്ലാതെ മൃഗീയമായി കൊലചെയ്യുന്ന സംഭവങ്ങള്‍ പോലും ഇന്നൊരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ഗൗതമ ബുദ്ധനും, മഹാത്മാ ഗാന്ധിയും ജനിച്ചനാട് സ്വാതന്ത്ര്യത്തിന്റെ 68 ാം വാര്‍ഷികം പിന്നിടുമ്പോള്‍, നാടും നാട്ടുകാരും ഉയര്‍ത്തിപ്പിടിച്ച പവിത്രമായ ദര്‍ശനങ്ങളില്‍ പലതും കൈവിട്ട്‌പോയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം വിവിധ മേഖലകളില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെയേറെ കൂടി. ലോക ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കോടീശ്വരന്മാരില്‍ ഏറെപേര്‍ ഇന്ത്യക്കാരാണെന്ന യാഥാര്‍ഥ്യം നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുമ്പോഴും പാവപ്പെട്ട ദരിദ്രനാരായണന്മാര്‍ കൂടുതല്‍ ദരിദ്രന്മാരായിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മുതലാക്കിയത് സമ്പന്ന വിഭാഗങ്ങളാണ്. ഇന്ത്യയുടെ ആത്മാവെന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച ഗ്രാമഗ്രാമാന്തരങ്ങളിലെ ജനജീവിതം നരകതുല്യമാണ്. ആവശ്യത്തിന് പാര്‍പ്പിടങ്ങളില്ല. ശുദ്ധമായ കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്. കുത്തക വ്യവസായികള്‍ക്ക് വേണ്ടി കൃഷിഭൂമിയില്‍ നിന്നും കൃഷിക്കാരെയും കര്‍ഷകതൊഴിലാളികളേയും അടിച്ചിറക്കുന്നു. നമുക്ക് വേണ്ട അന്നം ഉത്പാദിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് പരിരക്ഷനല്‍കുന്നില്ല. ഇതെല്ലാം കാണുന്ന ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
ആഗോളവത്കരണം, സാമ്പത്തിക ഉദാരവത്കരണം, കോര്‍പറേറ്റ്‌വത്കരണം തുടങ്ങിയവക്ക് പിന്നാലെ ലക്കും ലഗാനുമില്ലാതെ കുതിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തിന്റെ ആത്മാവിനെ തന്നെ കൊല്ലുകയാണ്. ഈ പ്രവണത ഏറെ തിന്മകള്‍ക്കും ദുഷിപ്പുകള്‍ക്കും കാരണമാകുന്നു. ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കയാണ്. അതിന്റെ വ്യക്തമായ സൂചനകളാണ് യു എന്നിനെ പോലുള്ള സംഘടനകളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും പുറത്ത് വിടുന്ന പഠന റിപ്പോര്‍ട്ടുകളെന്ന് നിസ്സംശയം പറയാം. ഒരു തിരുത്തല്‍ ശക്തിയായി ജനങ്ങള്‍ മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.