Connect with us

International

റഷ്യക്കെതിരെ വീണ്ടും ഉപരോധ നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍

Published

|

Last Updated

ബ്രസ്സല്‍സ്/ മോസ്‌കോ: റഷ്യക്കെതിരെ ശക്തമായ ഉപരോധത്തിന് യൂറോപ്യന്‍ യൂനിയന്റെ അനുമതി. ഉക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റഷ്യന്‍ വിമതരും ഉക്രൈന്‍ സര്‍ക്കാറും വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടത് അവഗണിച്ചാണ് യൂറോപ്യന്‍ യൂനിയന്റെ ഈ നടപടി. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നുകൂടി ശക്തിപ്പെടുത്താനാണ് യൂറോപ്യന്‍ യൂനിയന്റെ തീരുമാനം. മലേഷ്യന്‍ വിമാനം എം എച്ച് 17നെ റഷ്യന്‍ വിമതര്‍ വെടിവെച്ചിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജൂലൈയില്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ ഉപരോധം നിലവില്‍ വരുന്നതോടെ കൂടുതല്‍ വ്യക്തികള്‍ക്ക് മേല്‍ നിയന്ത്രണം വരും. കിഴക്കന്‍ ഉക്രൈനിലെ വിമത നേതാക്കള്‍, റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ക്രീമിയന്‍ സര്‍ക്കാറിലെ നേതാക്കള്‍ ഉള്‍പ്പെടെ പലരും ഉപരോധത്തിന് കീഴില്‍ വരും. യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് ഇവരുടെ യാത്രകള്‍ നിരോധിക്കുകയും ബേങ്കുകളിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും. റഷ്യയിലെ എണ്ണ കമ്പനികളെയും പ്രതിരോധ കമ്പനികളെയും ഉപരോധം ബാധിക്കും. പുതിയ ഉപരോധം വളരെ ഫലപ്രദമാകുമെന്ന് യൂറോപ്യന്‍ യൂനിയനയച്ച കത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് വാന്‍ റോംപ്യൂയും യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ജോസ് മാനുവല്‍ ബാറോസോയും വ്യക്തമാക്കി. നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ഉക്രൈനിലെ റഷ്യന്‍ നടപടികള്‍ക്ക് മാറ്റം വരുത്താന്‍ ആ രാജ്യത്തെ പ്രേരിപ്പിക്കുമെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

വെയില്‍സില്‍ കഴിഞ്ഞ ദിവസം നടന്ന നാറ്റോ ഉച്ചകോടിയില്‍, വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഉപരോധവുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പ്രസ്താവിച്ചിരുന്നു. അതേസമയം, ഉക്രൈനിലെ പ്രതിസന്ധി തീര്‍ക്കുന്ന വിഷയത്തില്‍ റഷ്യ ക്രിയാത്മകമായി മുന്നോട്ടുവരികയാണെങ്കില്‍ ഉപരോധം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. റഷ്യയുടെ നടപടികളുടെ അനന്തര ഫലങ്ങള്‍ എന്താണെന്ന് ഈ ഉപരോധം വ്യക്തമാക്കുന്നുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി പറഞ്ഞു.
ഉപരോധത്തിന്റെ വ്യക്തമായ രൂപം നാളെയാണ് പുറത്തുവിടുക. അതേസമയം ഉപരോധത്തിന് കീഴില്‍ വരുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വിശദ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഉക്രൈനിലേക്ക് റഷ്യ പുതിയ സൈനിക വ്യൂഹത്തെ അയക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്ന ഉടനെ, പുതിയ ഉപരോധം റഷ്യക്കെതിരെ ചുമത്തണമെന്ന് 28 രാഷ്ട്രങ്ങളുടെ നേതാക്കള്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സൈന്യത്തെ നിയോഗിക്കുന്നുവെന്ന വാര്‍ത്തകളെ റഷ്യ തള്ളിക്കളഞ്ഞു.
അതേസമയം, റഷ്യന്‍ വിമതരും ഉക്രൈന്‍ സര്‍ക്കാറും തമ്മില്‍ നിലവില്‍ വന്ന പുതിയ വെടിനിര്‍ത്തല്‍ കരാറിനെ യൂറോപ്യന്‍ യൂനിയന്‍ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കുകയാണെന്നും ഇരു വിഭാഗവും പൂര്‍ണമായി ഇത് നടപ്പില്‍ വരുത്തണമെന്നും യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.
അഞ്ച് മാസമായി ഉക്രൈനില്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 2,600 ലധികം പേര്‍ കൊല്ലപ്പെട്ടു.

Latest