വിശുദ്ധ ഹജ്ജിന് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങി

Posted on: September 6, 2014 11:39 pm | Last updated: September 6, 2014 at 11:39 pm
SHARE

hajjറിയാദ്: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കിയിലേക്കും മദീനയിലേക്കും ജനങ്ങളുടെ ഒഴുക്ക് ശക്തമായി. വരും ദിവസങ്ങളില്‍ ജനപ്രവാഹം വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിമാനത്തിലൂടെ വരുന്ന ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനായി രണ്ട് പ്രവേശ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും എത്തുന്ന ഹാജിമാരെയാണ് ഇവിടെ സ്വീകരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നിരവധി ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയെത്തുന്ന ഹാജിമാര്‍ ദമാമിലെ കിംഗ് ഫഹ്ദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും എത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈ രണ്ട് വിമാനത്താവളത്തിലൂടെയും ഹാജിമാരെ അനുവദിക്കുന്നില്ലെന്ന് വ്യോമ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 1,01, 814 തീര്‍ഥാടകര്‍ വ്യാഴാഴ്ച രാജ്യത്ത് എത്തിയിട്ടുണ്ട്.
91 വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഹാജിമാര്‍ എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. കാശ്മീരിലെ ശക്തമായ വെള്ളപ്പൊക്കവും മഴയും കാരണമായി ഇവിടെ നിന്നുള്ള വിമാനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതിന്റെ സമയക്രമം പിന്നീട് അറിയിക്കും. മുബാറക്കും ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് നൂര്‍ ശൈഖും ഇന്ത്യന്‍ ഹാജിമാരെ സന്ദര്‍ശിച്ച് അവരുടെ ഭക്ഷണ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. മദീനയില്‍ തങ്ങുന്ന ഹാജിമാരുടെ ഭക്ഷണ കാര്യങ്ങള്‍ കാറ്ററിംഗ് സര്‍വീസുകാരാണ് നിര്‍വഹിക്കുന്നത്. ഇത് മക്കയില്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും സേവന രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.