ലഹരിക്ക് മനോരോഗികളുടെ മരുന്ന് വില്‍പ്പന നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍

Posted on: September 6, 2014 11:29 pm | Last updated: September 6, 2014 at 11:29 pm
SHARE

no-drugsകോട്ടയം: മനോരോഗികള്‍ ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുകയും ഇതു മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപറേഷന്‍ ഗുരുകുലത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ അറുപുഴ റഹ്മത്ത് മന്‍സിലില്‍ സലാഹുദ്ദീന്‍ (19) ആണ് അറസ്റ്റിലായത്. ചങ്ങനാശേരിയിലെ സ്വകാര്യ ഐ ടി സിയിലെ വിദ്യാര്‍ഥിയായ സലാഹുദ്ദീന്‍ ഈ മരുന്നു വാങ്ങുന്നതിനായി ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ സീല്‍ മോഷ്ടിച്ചതായും കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കടുത്ത മനോരോഗമുള്ളവര്‍ ഉപയോഗിക്കുന്ന നൈട്രാസെന്‍ എന്ന മരുന്നാണ് സലാഹുദ്ദീന്‍ ലഹരിക്കായി ഉപയോഗിച്ചിരുന്നത്. ഡോക്ടറുടെ കുറിപ്പ് ഉണ്ടായിരിക്കുകയും രോഗിക്കു 45 വയസ്സിനു മേല്‍ പ്രായമുണ്ടായിരിക്കുകയും ചെയ്താല്‍ മാത്രം നല്‍കുന്ന മരുന്നാണിത്.
ഈ മരുന്ന് ലഭിക്കുന്നതിനുള്ള കുറിപ്പ് തയാറാക്കുന്നതിനായി ഇയാള്‍ ജില്ലാ ആശുപത്രിയിലെത്തി ഒ പി. ടിക്കറ്റെടുത്തു. തുടന്ന് ടിക്കറ്റിലെ പ്രായം 48 എന്നാക്കി തിരുത്തി. ഇതിനിടെ ആശുപത്രിയിലെ ഡോക്ടര്‍ ആഷ പി നായരുടെ സീല്‍ മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എഴുതുന്ന രീതിയില്‍ മരുന്നിന്റെ കുറിപ്പു തയാറാക്കുന്നതിനായി ഏതാനും ദിവസം എഴുതി പരിശീലിക്കുകയും ചെയ്തു.
നൈട്രാസെന്‍ മാത്രമായി എഴുതിയാല്‍ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ലഭിക്കില്ലെന്നു ഇന്റര്‍നെറ്റില്‍ നിന്നു മനസ്സിലാക്കിയ സലാഹുദ്ദീന്‍ ഇതിന്റെ കോമ്പിനേഷന്‍ മരുന്നുകളും കുറിപ്പടിയില്‍ ചേര്‍ത്താണ് മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ കോട്ടയത്തെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും പിന്നീട് കിഴക്കന്‍ പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നുമാണ് മരുന്നു വാങ്ങിയത്.
മൂന്നാഴ്ച പിന്നിടുമ്പോള്‍ പുതിയ കുറിപ്പടി തയാറാക്കിയിരുന്നു. ഒരു ഗുളികക്ക് 3.50 രൂപ മാത്രം വില വരുന്ന ഗുളിക ഇയാള്‍ ഉപയോഗിക്കുന്നതിനൊപ്പം നിരവധിപ്പേര്‍ക്കു മറിച്ചു വില്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മരുന്നു വാങ്ങാന്‍ കഴിഞ്ഞ ദിവസം നഗരത്തിലെ മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.
ഡി വൈ എസ് പി വി അജിത്, വെസ്റ്റ് സി ഐ സഖറിയ മാത്യു എന്നിവരുടെ മേല്‍നോട്ടത്തില്‍ വെസ്റ്റ് എസ് ഐ ടി ആര്‍ ജിജു ഷാഡോ പോലീസ് അംഗങ്ങളായ എ എസ് ഐ വര്‍ഗീസ്, ഐ സജികുമാര്‍, പി എന്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.