ഷാര്‍ജയില്‍ പഠന സൗകര്യം കൂട്ടാന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയുന്നു

Posted on: September 6, 2014 7:26 pm | Last updated: September 6, 2014 at 7:26 pm
SHARE

OLYMPUS DIGITAL CAMERAഷാര്‍ജ: എമിറേറ്റില്‍ അടുത്ത അധ്യയന വര്‍ഷം പഠന സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി. നിലവിലുള്ള സ്‌കൂളുകളിലാണ് പഠന സൗകര്യം കൂട്ടുന്നത്. ഇതിന്റെ മുന്നോടിയായി ചില സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടം പണിതു തുടങ്ങി. യര്‍മൂക്ക്, നാഷനല്‍ പെയിന്റ്‌സ്, സജ എന്നിവിടങ്ങളിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
അടുത്ത അധ്യായന വര്‍ഷം ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നീക്കം. സജയില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിനും, യര്‍മൂക്കില്‍ റാഡിയന്റ് സ്‌കൂളിനും നാഷനല്‍ പെയിന്റില്‍ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂളിനുമാണ് പുതിയ കെട്ടിടങ്ങള്‍ പണിയുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ക്കു പഠന സൗകര്യം ലഭ്യമാകുന്നതാണ് കെട്ടിടങ്ങള്‍. 2015 ഏപ്രില്‍ മാസത്തിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ ഏഴായിരത്തോളം കുട്ടികള്‍ക്കുള്ള പഠന സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വര്‍ഷം തോറും ആയിരക്കണക്കിനു കുട്ടികള്‍ക്കാണ് പഠന സൗകര്യം ലഭ്യമാകാതെ പോകുന്നത്. നിലവിലുള്ള സ്‌കൂളുകളില്‍ മതിയായ സൗകര്യമില്ലാത്തതാണ് ഇതിന് കാരണം. മക്കള്‍ക്കു യഥാസമയം പ്രവേശനം ലഭിക്കാത്തത് രക്ഷിതാക്കളെ വിഷമത്തിലും നിരാശയിലുമാക്കുന്നു. അപേക്ഷ നല്‍കി മാസങ്ങളോളമാണ് രക്ഷിതാക്കള്‍ സീറ്റിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഫലം നിരാശയായിരിക്കും. പലതവണ ശ്രമിച്ചിട്ടും സീറ്റ് കിട്ടാത്തതിനാല്‍ മക്കളെ നാട്ടിലേക്ക് തിരിച്ചയക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. സ്‌കൂള്‍ പ്രവേശന വേളകളില്‍ ഷാര്‍ജയില്‍ സീറ്റിനായി തള്ളിക്കയറ്റമാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ക്കാകട്ടെ കൈമലര്‍ത്താനെ സാധിക്കൂ. മതിയായ സൗകര്യമില്ലാത്തത് കൂടുതല്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുന്നതിനു തടസ്സമാകുന്നു.
താരതമ്യേന പഠന ചെലവ് കുറഞ്ഞ വിദ്യാലയമാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍. ഈ സ്‌കൂളില്‍ സീറ്റ് ലഭിക്കാനാണ് മിക്ക രക്ഷിതാക്കളുടെയും ശ്രമം. അപേക്ഷിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാന്‍ പറ്റാത്ത സ്ഥിതിയിലാണ് സ്‌കൂള്‍ അധികൃതര്‍. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ ദുരിതം മനസ്സിലാക്കി പുതിയ കെട്ടിടം പണിതു സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി സ്‌കൂളില്‍ ഷിഫ്റ്റ് ആരംഭിക്കുകയും ചെയ്തു.