Connect with us

Gulf

വടംവലി കോര്‍ട്ടുമായി മുസഫ്ഫ മലയാളി സമാജം

Published

|

Last Updated

അബുദാബി: കേരളത്തിലെ ഗ്രാമങ്ങളിലെ ക്ലബ്ബുകളില്‍ കാണാറുള്ള വടംവലി കോര്‍ട്ട് അബുദാബിയില്‍ ആദ്യമായി നിര്‍മിച്ച് അബുദാബി മുസഫ്ഫ മലയാളി സമാജം. ഗ്രാമ പ്രദേശങ്ങളില്‍ ഓണ നാളിലാണ് ഏറ്റവും കൂടുതല്‍ വടം വലി മത്സരം നടക്കാറുള്ളത്. ഉഴുതുമറിച്ച വയലുകളിലും ക്ലബ്ബുകളുടെ പരിസരങ്ങളിലും സ്‌കൂള്‍ ഗ്രൗണ്ടുകളിലും നിര്‍മിക്കുന്ന വടംവലി കോര്‍ട്ടാണ് ആധുനിക രീതിയില്‍ മലയാളി സമാജം നിര്‍മിച്ചിരിക്കുന്നത്.
യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ മലയാളി സമാജം കാര്യാലയത്തിന് സമീപം നിര്‍മിച്ച കോര്‍ട്ടിന് പതിനായിരം ദിര്‍ഹം ചെലവ് വരും. മലയാളി സമാജം പ്രസിഡന്റ് ശിബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കോര്‍ട്ട് യു എ ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അബുദാബിയിലെ പ്രശസ്ത ക്ലബ്ബുകള്‍ പങ്കെടുത്ത സൗഹൃദ വടംവലി മത്സരം നടന്നു.
അബുദാബിയിലെ സന്നദ്ധ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും വടംവലി മമത്സരം നടത്തുവാന്‍ വടംവലികോര്‍ട്ട് അനുവദിച്ച് നല്‍കുന്നതാണെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. മണല്‍ നിരത്തി ഇഷ്ടിക പാകി ആധുനിക രീതിയില്‍ നിര്‍മിച്ച കോര്‍ട്ട് ഗള്‍ഫില്‍ ആദ്യമായിട്ടാണെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.