Connect with us

Gulf

ദുബൈയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ കുറയുന്നു

Published

|

Last Updated

ദുബൈ: സംഘടിത കുറ്റകൃത്യങ്ങള്‍ ദുബൈയില്‍ കുറയുന്നതായി അധികൃതര്‍ വ്യക്തമാക്കി. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കുക പോലുള്ള സംഘടിത കുറ്റകൃത്യങ്ങളിലാണ് കുറവു സംഭവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. എമിറേറ്റില്‍ നിലനില്‍ക്കുന്ന കര്‍ശനമായ നിയമങ്ങളും അവ കണിശമായി നടപ്പാക്കാന്‍ പോലീസ് പ്രകടിപ്പിക്കുന്ന ശുഷ്‌കാന്തിയുമാണ് സംഘടിത കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് ദുബൈ പോലീസിന്റെ സംഘടിത കുറ്റകൃത്യ വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുര്‍റഹ്മാന്‍ ഷാഫി വ്യക്തമാക്കി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അഞ്ചു കേസുകള്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ കടത്തിയതുമായും അവയവക്കച്ചവടം നടന്നതുമായും ബന്ധപ്പെട്ട് ഒരൊറ്റ കേസുകളും ഈ വര്‍ഷം ഉണ്ടായിട്ടില്ല.
മൂന്നു വിഭാഗമായി തിരിഞ്ഞാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കടത്തിന് എതിരെയുള്ളത്, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായുള്ളത്, കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരായുള്ളത് എന്നിവയാണിത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ അവയുമായി ബന്ധപ്പെട്ട മറ്റുരാജ്യങ്ങളും സഹകരിക്കേണ്ടതുണ്ട്. ഇത് സാധ്യമായാലെ കൂടുതല്‍ ഫലപ്രദമായ നടപടി സാധ്യമാവൂ.
കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ആലോചിക്കുന്നുണ്ട്. ഈ രംഗത്ത് നിന്നുള്ള അനുഭവങ്ങള്‍ പഠിച്ചാണ് നിയമത്തിന്റെ പോരായ്മകള്‍ മറികടക്കാന്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ് എന്‍ സി) ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനൊപ്പം, മയക്കുമരുന്നു കടത്ത്, മദ്യക്കടത്ത് എന്നിവക്കുള്ള നിയമങ്ങളും കൂടുതല്‍ ശക്തമാക്കാന്‍ ആലോചിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് മദ്യം-മയക്കുമരുന്നു കടത്തു തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഭേദഗതികള്‍ വളരുന്നത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു അറബ് വംശജരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ നിന്ന് നിന്നു രക്ഷപ്പെട്ട അറബ് സ്ത്രീ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ത്രീയെ സംഘം വേശ്യാവൃത്തിക്കും നിര്‍ബന്ധിച്ചിരുന്നു. രണ്ടുമാസം ഇവരുടെ തടവില്‍ കഴിഞ്ഞ ശേഷമാണ് യുവതി രക്ഷപ്പെട്ടത്.
മറ്റൊരു എമിറേറ്റിലായിരുന്നു സംഘത്തിന്റെ കേന്ദ്രം. യുവതിയുടെ സഹായത്തോടെ അവിടെയുള്ള മനുഷ്യക്കടത്ത് സംഘത്തിന്റെ താമസസ്ഥലത്ത് ചെല്ലുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.
ലേഡീസ് സലൂണില്‍ ജോലിക്കെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു യു എ ഇയില്‍ എത്തിച്ചത്. യു എ ഇയില്‍ എത്തിയ ഉടന്‍ യുവതിയുടെ പാസ്‌പോര്‍ട്ട് സംഘം വാങ്ങിയിരുന്നു. രണ്ടു മാസത്തോളം യുവതിയെ ഉപയോഗിച്ച് സംഘം വേശ്യാലയം നടത്തുകയായിരുന്നു. മൂന്നു പേരെയും അറസ്റ്റിന് ശേഷം പ്രോസിക്യൂഷന് കൈമാറി. യുവതിയെ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രനെ ഏല്‍പിച്ചിരിക്കയാണ്.
യു എ ഇ സര്‍ക്കാറും ദുബൈ പോലീസും ഇത്തരം കേസുകള്‍ക്കെതിരായി സന്ധിയില്ലാ സമരമാണ് നടത്തിവരുന്നതെന്ന് ദുബൈ പോലീസ് അസി. കമാന്ററിംഗ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി. യു എസ് എ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ക്ക് ദുബൈ പോലീസിനെ പ്രശംസിച്ചതായും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest