Connect with us

National

കാശ്മീര്‍ വെള്ളപ്പൊക്കം: മരണം 160 ആയി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 60 വര്‍ഷത്തിനിടെയുണ്ടായ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി. 2500 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 450 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ദുരന്ത സ്ഥിതി വിലയിരുത്തുന്നതിനായി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് എത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്. അതേസമയം, പുവല്‍വാമ ജില്ലയിലെ ഝലം നദിയില്‍ ഒമ്പത് സൈനികര്‍ ഒലിച്ചുപോയി. ഇവരില്‍ ഏഴ് പേരെ പിന്നീട് രക്ഷപ്പെടുത്തി. കാശ്മീരിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായും സ്ഥിതിവിവരങ്ങള്‍ അറിഞ്ഞതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. നഗരങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍, ഗ്രാമങ്ങളില്‍ എന്തായിരിക്കുമെന്നതിനെ കുറിച്ച് താന്‍ അത്ഭുതപ്പെടുകയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് ആകാശ നിരീക്ഷണം മന്ത്രി ഒഴിവാക്കി. പഴ്‌സനല്‍, പെന്‍ഷന്‍ സഹമന്ത്രി ജിതേന്ദ്ര സിംഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. “പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയാണെന്നും കാശ്മീരിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഉറപ്പുനല്‍കുകയാണെ”ന്ന് രാജ്‌നാഥ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയിലും കുഗ്രാമങ്ങളില്‍ അകപ്പെട്ടു പോയവരുടെ സ്ഥിതിയിലും സര്‍ക്കാറിന് അങ്ങേയറ്റത്തെ ആശങ്കയുണ്ടെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. നെല്ല്, ചോളം, പച്ചക്കറി എന്നിവയുടെ കൃഷി വ്യാപകമായി നശിച്ചു. ആയിരക്കണക്കിന് വീടുകള്‍ക്ക് പുറമെ പൊതു അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ വ്യക്തികളുടെ സ്വത്തും നശിച്ചിട്ടുണ്ട്. 7000 പേരെ സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്.
കാശ്മീര്‍ താഴ്‌വരയില്‍ 390 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്നും 1225 ഗ്രാമങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ടെന്നും വരുമാന- ദുരിതാശ്വാസ കമ്മീഷണര്‍ സെക്രട്ടറി വിനോദ് കൗള്‍ അറിയിച്ചു. 50 പാലങ്ങളും നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകളും വൈദ്യുതി നിലയങ്ങളും തകര്‍ന്നിട്ടുണ്ട്. വെള്ളം വലിഞ്ഞതിന് ശേഷമേ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സൈനികരാണ് ഒഴുക്കില്‍ പെട്ടത്. ഝലം നദിയില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍.
ഝലം, ചിനബ് നദികളും പോഷക നദികളും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ശ്രീനഗര്‍- ജമ്മു, ശ്രീനഗര്‍- ലേ ദേശീയ പാതകള്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. തിങ്കളാഴ്ച വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ജില്ലാ ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമുകളില്‍ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരും സൂപ്രണ്ടുമാരും ക്യാമ്പ് ചെയ്യുകയാണ്.

Latest