Connect with us

Malappuram

അധ്യാപക ദിനത്തില്‍ തലമുറകളുടെ അധ്യാപികയെ ആദരിച്ച് വിദ്യാര്‍ഥികള്‍

Published

|

Last Updated

കാളികാവ്: അധ്യാപകദിനത്തില്‍ തലമുറകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന അധ്യാപികയെ ആദരിച്ച് അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍. പതിറ്റാണ്ട് കാലത്തെ അക്ഷരസപര്യയിലൂടെ നാടിന്റെ ടീച്ചറായി മാറിയ എം കെ പാത്തുമ്മ ടീച്ചര്‍ക്കാണ് വിദ്യാര്‍ഥികള്‍ ആദരം നല്‍കിയത്.
പ്രദേശത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ ഭൂരിഭാഗം പേര്‍ക്കും കാളികാവ്, വെള്ളയൂര്‍ സ്‌കൂളുകളില്‍ നിന്നായി വിദ്യയുടെ ആദ്യപാഠം ചൊല്ലിക്കൊടുത്തത് തൊണ്ണൂറിനടുത്ത പ്രായമുള്ള പാത്തുമ്മ ടീച്ചറാണ്. ഇവരില്‍ പലരിലേയും പേരമക്കള്‍ക്ക് വരെ അക്ഷരം പഠിപ്പിച്ച് കൊടുത്ത ഇവര്‍ വിരമിച്ച ശേഷം ഇപ്പോള്‍ വിശ്രമം നയിക്കുകയാണ്.
കണ്ണൂര്‍ ജില്ലക്കാരനായിരുന്ന റിട്ട. പൊലീസുകാരന്‍ പരേതനായ ടി അബൂബക്കറായിരുന്നു ഭര്‍ത്താവ്. 1925-ല്‍ പാണ്ടിക്കാട് ജനിച്ച പാത്തുമ്മക്കുട്ടി മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന് കീഴിലെ മഞ്ചേരി സഭാഹാള്‍ സ്‌കൂളിലാണ് ആദ്യമായി അധ്യാപന ജോലിയിലെത്തുന്നത്. പിന്നീട് സ്ഥലം മാറി കാളികാവ് ഗവ. സ്‌കൂളിലെത്തിയ ഇവര്‍ കാളികാവില്‍ സ്ഥിരതാമസക്കാരിയാകുകയായിരുന്നു.
മകനും അധ്യാപകനുമായ ടി ബഷീറിനൊപ്പം ചെങ്കോട്ടിലെ വീട്ടിലാണ് ടീച്ചറിപ്പോള്‍ പഴയകാല ഓര്‍മകളുമായി കഴിയുന്നത്.
അധ്യാപകദിനത്തില്‍ അടക്കാകുണ്ട്് ക്രസന്റ് സ്‌കൂളിലെ റെഡ്‌ക്രോസ് വളണ്ടിയര്‍മാരും അധ്യാപകരും കാളികാവിന്റെ ആദ്യകാല അധ്യാപികയെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്രസന്റ് ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ ജോഷിപോള്‍, സ്‌കൂള്‍ മാനേജര്‍ എ പി ബാപ്പുഹാജി, പി ടി എ പ്രസി. സി എം യൂസഫ്, സി ഫസലുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി എ എം ശംഷുദ്ദീന്‍, എസ് കമറുദ്ദീന്‍, വി പി മുജീബ്, എം ബഷീര്‍ സംബന്ധിച്ചു.

Latest