Connect with us

Malappuram

ചോക്കാടില്‍ നടു റോഡില്‍ ആനക്കൂട്ടമെത്തി; ടാപ്പിംഗ് തൊഴിലാളികളെ ഓടിച്ചു

Published

|

Last Updated

കാളികാവ്: ചോക്കാട് പെടയന്താളില്‍ ഒമ്പതംഗ കാട്ടാനക്കൂട്ടം നടുറോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. പ്രദേശത്തെ പെടയന്താള്‍ എസ്റ്റേറ്റില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളെ കാട്ടാനക്കൂടം ഒടിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് നെല്ലിക്കര മലവാരത്തില്‍നിന്നും നാല്‍പത് സെന്റിലേക്കുള്ള ടാര്‍ ചെയ്ത റോഡിലിറങ്ങിയ ആനക്കൂട്ടം ചിന്നം വിളിച്ച് ആളുകളെ ഭീതിയിലാഴ്ത്തിയത്.
പെടയന്താല്‍ എസ്റ്റേറ്റില്‍ കയറിയ ആനക്കൂട്ടം അവിടെയുള്ള വാഴകൃഷി പാടെ നശിപ്പിച്ചു. അതിന് തൊട്ട് മുമ്പ് നെല്ലിക്കര കോട്ടമ്മല്‍ ഇസ്ഹാഖ്, ഉണ്ണിഹൈദ്രു എന്നിവരുടെ തോട്ടങ്ങളിലും റബര്‍ തൈകളും കമുങ്ങും നശിപ്പിച്ചിട്ടുണ്ട്. നെല്ലിക്കര മലവാരത്തില്‍നിന്നും കയറുന്ന ആനക്കൂട്ടം ജനവാസ കേന്ദ്രത്തിനരികെവരെയെത്തുന്ന ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജി എല്‍ പി സ്‌കൂള്‍.
ചോക്കാട് നാല്‍പത് സെന്റ് ആര്‍ ബി എസ്‌റ്റേറ്റില്‍ ഇന്നലെ വൈകീട്ടും കാട്ടാനകള്‍ ഇറങ്ങി. വൈകുന്നേരം ഏഴ് മണിക്ക് മുമ്പായി കാട്ടില്‍ നിന്നിറങ്ങിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളംവെച്ച് കാട്ടിലേക്ക് തന്നെ ഓടിച്ചു. എങ്കിലും പെടയന്താള്‍ നാല്‍പത് സെന്റ് റോഡിലൂടെ രാത്രിയുള്ള യാത്ര ഏറെ ഭയാനകമാണ്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന നാല്‍പത് സെന്റ് കോളനിയിലേക്ക് മറ്റ് വഴികളില്ലാത്തതിനാല്‍ കോളനിക്കാര്‍ ഭീതിയിലാണ്. ആനമതിലിന്റെ ഒരറ്റത്ത് കൂടിയാണ് കാട്ടാനകള്‍ നെല്ലിക്കരകൊട്ടന്‍ചോക്കാടന്‍ എരങ്കോല്‍ മലവാരങ്ങളില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്നത്.
നാല്‍പത് സെന്റ് കോളനി എന്നീ ഭാഗങ്ങളിലേക്കുള്ള റോഡില്‍ വരെ കാട്ടാനയത്തുന്ന സ്ഥിതിവിശേഷം തടയാന്‍ വനംവകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണെമെന്ന ചോക്കാട് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫ് അധികൃതരോട് ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

Latest