Connect with us

Malappuram

മോഷണവും തട്ടിപ്പറിയും പെരുകി; ഇരുട്ടില്‍ തപ്പി പോലീസ്‌

Published

|

Last Updated

കോട്ടക്കല്‍: മേഖലയിലെ മോഷണം, തട്ടിപ്പറി കേസുകളുടെ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ജൂലൈയില്‍ പറമ്പിലങ്ങാടി പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപ തട്ടിപ്പറിച്ച സംഘത്തെ കുറിച്ചും കഴിഞ്ഞ ആഴ്ച്ച ആയൂര്‍വേദ കോളജ് പരിസരത്തെ വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണാഭരണങ്ങളും പത്തായിരം രൂപയും മോഷണം നടത്തിയതും, ബി എച്ച് റോഡിലെ മൊബൈല്‍ കടയിലെ മൊബൈല്‍മോഷണ കേസുകളുമാണ് ഇനിയും തുമ്പാകാത്തത്.
പെട്രോള്‍ പമ്പിലെ തട്ടിപ്പറി സംബന്ധിച്ച് അന്വേഷണം തുടങ്ങിയ ഇടത്തു തന്നെയാണിന്നും. ഇതില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ പോലീസിനായില്ല. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നത്. സി സി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് വെച്ച് നടത്തിയ അന്വേഷണത്തില്‍ ചിലരെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും തെളിയിക്കാനായില്ല. സമാന സംഭവം രാമനാട്ടുകരയിലും ഉണ്ടായിരുന്നു. ഇതിന്റെ അവസ്ഥയും ഇതെ നിലയിലാണ്.
സംഭവം സംബന്ധിച്ച് അന്വേഷണങ്ങള്‍ തുടരുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനിടയിലാണ് കഴിഞ്ഞ ശനിയാഴ്ച്ച ആയൂര്‍വേദ കോളജ് പരിസരത്തെ വീട്ടില്‍ നിന്നും സ്വര്‍ണാഭരങ്ങളും പണവും കവര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്. ഒരാളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നാണ് പോലീസ് പറയുന്നത്. അതെ സമയം വീട്ടുകാരുടെ അശ്രദ്ധ കാരണമാണ് ഈ മോഷണം നടന്നതെന്ന ഭാഷ്യമാണ് പോലീസിനുള്ളത്. കഴിഞ്ഞ മാസം ബി എച്ച് റോഡിലെ മെബൈല്‍ കടയിലും മോഷണം നടന്നിരുന്നു. ഇതു സംബന്ധിച്ച് പരാതിയും നിലനില്‍ക്കുകയാണ്.
ഇതിനിടയിലാണ് ഇന്നലെ കെ എസ് ഇ ബി പരിസരത്ത് വെച്ച് യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കില്‍ എത്തിയ സംഘം മാലപൊട്ടിച്ചത്. പിടിച്ചുപറിയും മോഷണവും കോട്ടക്കല്‍ മേഖലയില്‍ പെരുകുമ്പോഴും പാലീസിന്റെ ഭാഗത്ത് നിന്നം കാര്യമായ നീക്കങ്ങള്‍ ഉണ്ടാകാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കുന്നതിന് ഇടയായിട്ടുണ്ട്. കുറ്റവാളികള്‍ പ്രദേശത്ത് താവളമുറപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്.

Latest