വ്യാജമദ്യം: പരിശോധന കര്‍ശനമാക്കി

Posted on: September 6, 2014 8:56 am | Last updated: September 6, 2014 at 8:56 am
SHARE

കോഴിക്കോട്; ഓണത്തോടനുബന്ധിച്ച് വ്യാജമദ്യവേട്ട കര്‍ശനമാക്കി. ബാറുകള്‍ അടച്ചു പൂട്ടിയതോടെ ഓണത്തിന് വ്യാജമദ്യം ഒഴുകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മദ്യവേട്ട കര്‍ശനമാക്കിയിരിക്കുന്നത്. ജില്ലാ റവന്യു, എക്‌സൈസ്, വനം വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രധാനമായും ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് വ്യാജ മദ്യവേട്ട വ്യാപകമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വ്യാജമദ്യവുമായി ബന്ധപ്പെട്ട് പിടികൂടിയവരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. അനധികൃതമായി മദ്യമൊഴുകുന്നത് തടയാന്‍ ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും പരിശോധന കര്‍ശനമാക്കുന്നുണ്ട്. ഓണത്തിന് സ്പിരിറ്റ് ഒഴുകുന്നത് തടയാന്‍ തമിഴ്‌നാട്, കര്‍ണാടക എക്‌സൈസുമായി യോജിച്ചാണ് പരിശോധന നടത്തുന്നത്. രാത്രി കാലങ്ങളില്‍ ഹൈവേ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. മദ്യലഭ്യത കുറയുന്നതോടെ വ്യാജവാറ്റ് വ്യാപകമായേക്കുമെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയപ്പിനെ തുടര്‍ന്ന് പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വനമേഖല കേന്ദ്രമാക്കിയാകും വ്യാജ മദ്യലോബിയുടെ പ്രധാന പ്രവര്‍ത്തനമെന്നാണ് മുന്‍കാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം. വനത്തിലെ വ്യാജവാറ്റ് തടയുന്നതിന് കര്‍ശന പരിശോധനയുള്‍പ്പെടെയുള്ള നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍കാല കേസുകള്‍ പരിശോധിച്ച് വ്യാജവാറ്റ് സാധ്യതാ മേഖലകള്‍ തിരിച്ചറിയുക, അത്തരം സ്ഥലങ്ങള്‍ നിരീക്ഷണ വിധേയമാക്കി മിന്നല്‍ പരിശോധന നടത്തുക, വനത്തിനുള്ളിലെ പട്രോളിംഗ് കര്‍ശനമാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. ജീവനക്കാരുടെ കുറവുകാരണം പോലീസും എക്‌സൈസുമായി സഹകരിച്ച് നടത്തുന്ന പതിവ് പരിശോധനകള്‍ക്കു തന്നെ പെടാപ്പാടുപെടേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. ഏകദേശം 11,583 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനമേഖലയാണ് ഇവര്‍ക്കു കീഴില്‍ വരിക. ജീവനക്കാരുടെ എണ്ണം ഇരട്ടിയെങ്കിലുമാക്കിയാലേ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകൂവെന്ന് നിലവിലുള്ളവര്‍ പറയുന്നു. ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും 24 മണിക്കൂര്‍ വനപാലന ജോലി ഏറ്റെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഓണക്കാലത്ത് വ്യാജമദ്യം ഒഴുകുമെന്നുള്ള റിപ്പോര്‍ട്ടുള്ളതിനാല്‍ പരിശോധനയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ കാറുകളില്‍ നിന്നും സ്‌കൂട്ടറുകളില്‍ നിന്നുമെല്ലാം വന്‍തോതില്‍ മദ്യം പിടിക്കപ്പെട്ടതിനാല്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.