നഗരം ഓണത്തിരക്കില്‍

Posted on: September 6, 2014 8:56 am | Last updated: September 6, 2014 at 8:56 am
SHARE

കോഴിക്കോട്: ഓണ വിപണിയില്‍ പതിവു പോലെ വില കുതിച്ചുയര്‍ന്നു. ഉത്സവകാലം മുതലെടുക്കുന്നവര്‍ വില കൂട്ടി വില്‍പ്പന കൊഴുപ്പിക്കുമ്പോള്‍ വിപണിയില്‍ കാര്യമായി ഇടപെടാനാകാതെ സര്‍ക്കാര്‍ കാഴ്ച്ചക്കാരനായി മാറി നില്‍ക്കുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കെവല്ലാം വില ഉയര്‍ന്നിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പുവരെ 16 മുതല്‍ 20 വരെ വിലയുണ്ടായിരുന്ന ഒരു കിലോ അരിക്ക് ഇപ്പോള്‍ 35 മുതല്‍ 40 വരെയാണ് വില. എല്ലാതരം അരിക്കും ഇത്തരത്തില്‍ വില വര്‍ധിച്ചിട്ടുണ്ട്. മറ്റെല്ലാ സാധനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ പഞ്ചസാരക്ക് 18 രൂപയോളമാണ് വര്‍ധിച്ചത്. കടലക്കും ചെറുപയറിനും മുളക്, മല്ലി, മമ്പയര്‍, ശര്‍ക്കര, ഗ്രീന്‍പീസ്, കടുക്, ആട്ട, സൂചി, മൈദ, ഇലുവ, ചെറിയ ഉള്ളി, ജീരകം എന്നിവക്കെല്ലാം 50 ശതമാനത്തിലേറെയാണ് വില വര്‍ധിച്ചത്.
കനത്ത മഴയില്‍ സംസ്ഥാനത്തിനകത്തും തമിഴ്‌നാട്ടിലുമുണ്ടായ വിളനഷ്ടമാണ് പച്ചക്കറി വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായത്. പയറിനാണ് വില വാണം പോലെ കുതിച്ചുയര്‍ന്നത്. 200 രൂപയാണ് ഒരു കിലോ പയറിന്റെ വില. തക്കാളി, ഉള്ളി, എന്നിവക്കെല്ലാം 30 രൂപ. അടുത്തിടെ ഇവക്കെല്ലാം വില വര്‍ധിച്ചിരുന്നെങ്കിലും അല്‍പം കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. നേരത്തെ കുടുംബശ്രീകളിലൂടേയും കാര്‍ഷിക സ്വയം സഹായ സംഘങ്ങളിലൂടെയും തരിശു ഭൂമിയിലും മറ്റും പച്ചക്കറി കൃഷി നടത്തി നൂറ് മേനി വിളയിച്ചിരുന്നു. ഇത് നമ്മുടെ ആഭ്യന്തരാവശ്യത്തിന് വലിയൊരളവോളം സഹായകരമായിരുന്നു. ഇത്തരം സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് ഓണനാളില്‍ വിനയായിട്ടുണ്ട്.
ഇതിനിടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച വിപണന മേളകളൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി. ഇത്തരത്തില്‍ ആരംഭിച്ച പ്രത്യേക വിപണന മേളകളിലൊന്നും ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികളുടെ പ്രതിഷേധവും സാധാരണക്കാരെയാണ് ബാധിക്കുന്നത്.
നിലവിലുള്ള സര്‍ക്കാര്‍ വിപണന മേളകള്‍ തന്നെ നഗരപ്രദേശങ്ങളില്‍ മാത്രമാണ്. അവിടേയും അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കിയിട്ടില്ല. ചുരുക്കം ഇനങ്ങള്‍ മാത്രമാണ് സബ്‌സിഡി നിരക്കില്‍ ഇത്തരം വിപണന മേളകള്‍ വഴി വിതരണം ചെയ്യുന്നത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി സബ്‌സിഡി നിരക്കിലുള്ള സാധനങ്ങള്‍ വിതരണം നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല.