Connect with us

Editors Pick

പാചക വാതകത്തിന് വേലായുധന്‍ മാസറ്റര്‍ക്ക് പുത്തന്‍ വഴി

Published

|

Last Updated

മലപ്പുറം: പാചക വാതകമില്ലാതെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന മലയാളികള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്ത് വേലായുധന്‍ മാസ്റ്റര്‍. കോഴിക്കോട് മുക്കം പന്നിക്കോട് സ്വദേശിയും ഇപ്പോള്‍ മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരനുമായ ഇദ്ദേഹം സ്വകാര്യ കമ്പനികളെ പോലും കടത്തിവെട്ടും വിധം ഗുണമേന്‍മയുള്ളതും ചെലവ് കുറഞ്ഞതുമായ ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്താണ് മാതൃകയാകുന്നത്. മലപ്പുറം ഇരുമ്പുഴി ജി എം യു പി സ്‌കൂളില്‍ ശാസ്ത്ര അധ്യാപകനായിരുന്ന മാഷിന് ചെറുപ്പത്തിലേ കണ്ടുപിടിത്തങ്ങളോട് ഭ്രമമായിരുന്നു. സര്‍വീസിലിരിക്കെ 2007ലാണ് പരീക്ഷണാര്‍ഥം ആദ്യമായി പ്ലാന്റ് നിര്‍മിക്കുന്നത്. പിന്നീടങ്ങോട്ട് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അമ്പതിലധികം വീടുകളില്‍ വേലായുധന്‍ മാസ്റ്ററുടെ പ്ലാന്റ് സ്ഥാനം പിടിച്ചു. കച്ചവടതാത്പര്യത്തില്‍ നിന്ന് വിഭിന്നമായി ഒരു സേവനമെന്നോണമാണ് ഇദ്ദേഹം ആവശ്യക്കാര്‍ക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഫോണ്‍ മുഖേന വിവരങ്ങള്‍ നല്‍കുന്നത്. കൂടാതെ അത്യാവശ്യക്കാര്‍ക്ക് വീട്ടിലെത്തിയും പ്ലാന്റുകള്‍ സ്ഥാപിച്ചുനല്‍കുന്നുണ്ട്.

ഇതുവരെയായി മാഷ് നിര്‍മിച്ച നൂറിലധികം പ്ലാന്റുകള്‍ ജില്ലക്കകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇരുനൂറ് ലിറ്റര്‍ ശേഷിയുള്ള രണ്ട് പ്ലാസ്റ്റിക്ക് ബാരലുകള്‍, ജെ സി ബി ട്യൂബ്, സ്റ്റൗ, പി വി സി പൈപ്പ് എന്നിവയാണ് മാഷിന്റെ നിര്‍മിതിക്ക് ആവശ്യമായ വസ്തുക്കള്‍. സ്വകാര്യ കമ്പനികള്‍ 15,000 രൂപ വരെ ഈടാക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്ലാന്റിന്റെ മൊത്തം ചെലവ് 5,000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ സ്വന്തമായി സ്റ്റൗവും ട്യൂബും ഉണ്ടെങ്കില്‍ 1,400 രൂപയോളം വീണ്ടും കുറയും. വേലായുധന്‍ മാസ്റ്ററുടെ ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്ന വിധം ഇങ്ങനെയാണ്. രണ്ട് ബാരലില്‍ നിന്ന് പി വി സി പൈപ്പ് മുഖേനെ ട്യൂബിലേക്കും സ്റ്റൗവിലേക്കും കണക്ഷന്‍ നല്‍കുക. ബാരലിന്റെ മധ്യ ഭാഗത്തായി സ്ലറി ഒഴിവാക്കാനും മുകളില്‍ മാലിന്യം നിക്ഷേപിക്കാനും പൈപ്പ് സ്ഥാപിച്ച് കണക്ഷന്‍ പൂര്‍ത്തിയാക്കുക. പിന്നീട് ഓരോ ബാരലിലും തുടക്കത്തില്‍ ഏഴ് കുട്ടയെങ്കിലും ചാണകം കലക്കി ഒഴിക്കുകയും അത് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങുമ്പോള്‍ അടപ്പിട്ട് കുറച്ച് കൂടി ഒഴിച്ച് നിര്‍ത്തുകയും ചെയ്യുക. ചാണകത്തില്‍ നിന്ന് മീഥൈന്‍ വാതകം ട്യൂബില്‍ നിറയാന്‍ തുടങ്ങിയതിന് ശേഷം ബാരലില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാം. കഞ്ഞിവെള്ളം, പഴകിയ ചോറ്, മത്സ്യ, മാംസ അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, മുയല്‍, കാട എന്നിവയുടെ കാഷ്ടം, നാളികേര വെള്ളം എന്നിവ നിക്ഷേപിക്കാവുന്നതാണ്. എല്ല്, മുട്ടത്തോട്, നാരങ്ങാ ത്തൊലി, വിനാഗിരി, സോപ്പ് ലായനി എന്നിവക്ക് വേലായുധന്‍ മാസ്റ്ററുടെ മാതൃകാ പ്ലാന്റിന്റെ പടിക്ക് പുറത്താണ് സ്ഥാനം. രണ്ട് കിലോ മാലിന്യത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ വരെ പാചകം ചെയ്യാനുള്ള ഗ്യാസ് ലഭിക്കും. ബാരലില്‍ നിന്ന് പുറംതള്ളുന്ന സ്ലറി പച്ചക്കറികള്‍ക്ക് നല്ല ഒന്നാന്തരം ജൈവ വളമാണ്.
ഗ്യാസിന് വില വര്‍ധിപ്പിച്ചും ആവശ്യത്തിന് ഗ്യാസ് നല്‍കാതെയും സാധാരണക്കാരെ വലക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് തന്റെ ഈസി കുക്കിറിന്റെ പിറവിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ ഇന്ദിരയും മകന്‍ ശ്യാംലാലും സാദാ സമയം പിന്തുണയുമായി ഇദ്ദേഹത്തോടൊപ്പമുണ്ട്. ഫോണ്‍: 8089804349.