കാന്തപുരത്തിനും ഖലീല്‍ തങ്ങള്‍ക്കും നാളെ ലണ്ടനില്‍ വന്‍ സ്വീകരണം

Posted on: September 6, 2014 12:53 am | Last updated: September 6, 2014 at 3:25 pm
SHARE

kanthapuram and khaleel thangalലണ്ടന്‍: കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര മാന്യുസ്‌ക്രിപ്റ്റ് സമ്മേളനത്തിനെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ക്ക് ലണ്ടന്‍ ഇന്ത്യന്‍ സമൂഹത്തിന്റെയും വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനം നാളെ നടക്കും.
വൈറ്റ് ചാപ്പല്‍ വിക്കാം സ്വീറ്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സമൂഹങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ഇരു നേതാക്കളും അര്‍പ്പിച്ച സേവനത്തിന് യു കെ സമൂഹം അര്‍പ്പിക്കുന്ന ആദരം കൂടിയായിരിക്കും സ്വീകരണ സംഗമം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്കും ആത്മീയ വേദിക്കും നേതൃത്വം നല്‍കും.
പോള്‍ അബ്ദുല്‍ വദൂദ് സദര്‍ലന്‍ഡ്, അബ്ദുസ്സ്വമദ് ക്ലാര്‍ക്, ഇദ്‌രീസ് മേഴ്‌സ് (അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കൂള്‍സ് യു കെ), ശൈഖ് സഈദ് ബിന്‍ ഉമൈര്‍, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ പ്രസംഗിക്കും. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം ശൈഖ് സഈദ് ബിന്‍ ഉമൈര്‍ നിര്‍വഹിക്കും.
കേംബ്രിഡ്ജ് ഫാക്കല്‍റ്റി ഓഫ് ഏഷ്യന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസിനു കീഴിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് മാന്യസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ മാന്യുസ്‌ക്രിപ്റ്റ് സമ്മേളനം സംഘടിപ്പിച്ചത്.