പത്തില്‍ ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിയാകുന്നുവെന്ന് യു എന്‍

Posted on: September 6, 2014 12:51 am | Last updated: September 6, 2014 at 12:51 am
SHARE

rapeന്യൂയോര്‍ക്ക്: ലോകത്ത് പത്തില്‍ ഒരു പെണ്‍കുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി യു എന്‍ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടാണ് യു എന്നിന് കീഴിലുള്ള കുട്ടികളുടെ സംഘടനയായ യൂനിസെഫ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പത്തിനും 19 നും ഇടയിലുള്ള ആണ്‍കുട്ടികളുടെ മരണത്തിന് ഏറെയും കാരണം കൊലപാതകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2012ല്‍ മാത്രം ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും 95,000 കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ആഗോള തലത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 190 രാജ്യങ്ങളിലെ കണക്കാണ് യൂനിസെഫ് പുറത്ത് വിട്ടിരിക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വയസ്സിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ വര്‍ധിച്ചിരിക്കുകയാണെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്തോണി ലേക്ക് പറഞ്ഞു. കുട്ടികള്‍ സുരക്ഷിതരാണെന്ന് കരുതുന്ന വീട്, സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറെയും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒരു പ്രാദേശിക വിഷയമായി കണക്കാക്കാനാകില്ലെന്ന് യൂനിസെഫ് ഉദ്യോഗസ്ഥന്‍ ജെയിംസ് എല്‍ദര്‍ പറഞ്ഞു.
ഇരുപത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇരുപത് വയസ്സിന് താഴെയുള്ള പന്ത്രണ്ട് കോടി കുട്ടികള്‍ നിര്‍ബന്ധിത ലൈംഗികവേഴ്ചക്ക് വിധേയരാകുന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ മാത്രം പതിനഞ്ചിനും 17നും ഇടയില്‍ പ്രായമുള്ള 22 ശതമാനം പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.
രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍, പത്തില്‍ ആറു പേരും സംരക്ഷിക്കുന്നവരില്‍ നിന്ന് കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കുന്നുണ്ട്.
പത്ത് വയസ്സിനും പത്തൊമ്പത് വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ വെനിസ്വേല, പനാമ, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലാണ്. ഇതിന് പ്രധാന കാരണം കൊപാതകമമാണ്. യുവ കൊലപാതകങ്ങള്‍ ഏറെ നടന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. 2012ല്‍ ഇത്തരത്തിലുള്ള 13,000 മരണങ്ങളാണ് ഇവിടെ നടന്നത്.
എന്നാല്‍ ഇക്കാലയളവില്‍ ബ്രസീലില്‍ നടന്നത് 11,000 യുവകൊലപാതകങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പലതും പുറത്തറിയുന്നില്ലെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.