Connect with us

Kerala

മദ്യ ദുരന്ത സാധ്യത: അംഗബലമില്ലാതെ എക്‌സൈസ് വകുപ്പ് കിതക്കുന്നു

Published

|

Last Updated

കൊല്ലം: മദ്യനിരോധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെയും കള്ളവാറ്റിന്റെയും വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയേറിയിട്ടും ഇതിന് തടയിടാന്‍ ബാധ്യസ്ഥരായ എക്‌സൈസ് വകുപ്പ് പരിമിതമായ അംഗബലം കൊണ്ട് കിതക്കുന്നു. കേരളത്തിലെ പോലീസ് സേനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെ അംഗബലം വളരെ കുറവാണ്.
മദ്യ നിരോധത്തിന്റെ മറവില്‍ കേരളത്തില്‍ വിഷക്കള്ളിന്റെയും വ്യാജവാറ്റിന്റെയും സ്പിരിറ്റിന്റെയും ഒഴുക്കുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് മദ്യ ദുരന്തത്തിലായിരിക്കും കലാശിക്കുകയെന്ന ഭീതിയും ശക്തമായിട്ടുണ്ട്. ഇതിന് തടയിടാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിലവിലുള്ള അംഗബലം വെച്ച് എക്‌സൈസ് വകുപ്പിന് സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജു സിറാജിനോട് പറഞ്ഞു.
എക്‌സൈസ് വകുപ്പില്‍ ഓഫീസര്‍മാരടക്കം ആകെ 5104 ജീവനക്കാരാണുള്ളത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, അസി. എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രിവന്റീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് ഡ്രൈവര്‍ എന്നിവരുള്‍പ്പെടെയാണ് ഇത്രയും പേരുള്ളത്.
എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡ്രൈവര്‍ വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെറും 4427 പേര്‍ മാത്രമാണ്. 46 വര്‍ഷം മുമ്പ് 1968ല്‍ നടപ്പിലാക്കിയ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും ഈ വകുപ്പില്‍ തുടരുന്നത്. 1968ന് ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകളുടെ എണ്ണം 50 ഇരട്ടിയും മദ്യപാനികളുടെ എണ്ണം 100 ഇരട്ടിയുമായി വര്‍ധിച്ചതായാണ് വകുപ്പിന്റെ കണക്ക്. കേരളത്തിലെ ജനസംഖ്യ അനുസരിച്ച് 8300 പേര്‍ക്ക് ഒരു എക്‌സൈസ് ജീവനക്കാരന്‍ എന്നതാണ കണക്ക്. ഒരു എക്‌സൈസ് റേഞ്ച് പരിധിക്കുള്ളില്‍ ശരാശരി അഞ്ച് മുതല്‍ ആറ് വരെ പോലീസ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ എസ് ഐ അടക്കം ശരാശരി 40 പോലീസുകാര്‍ ജോലി ചെയ്യുമ്പോള്‍ ഒരു എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ ശരാശരി 14 എക്‌സൈസ് ജീവനക്കാര്‍ മാത്രമാണുള്ളത്. 200 പോലീസുകാര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് 14ല്‍ താഴെ മാത്രമാണ് എക്‌സൈസ് ജീവനക്കാരുടെ അംഗബലം.
കേരളത്തില്‍ ആകെയുള്ള എക്‌സൈസ് ജീവനക്കാരുടെ എണ്ണത്തെ സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളുടെ എണ്ണമനുസരിച്ച് വീതിച്ചാല്‍ ഒരു പഞ്ചായത്തില്‍ കേവലം നാലില്‍ താഴെ എക്‌സൈസ് ജീവനക്കാര്‍ മാത്രമാണുള്ളത്. നിലവിലുള്ള ജീവനക്കാര്‍ അവധി എടുക്കാതെ മുഴുവന്‍ സമയവും ജോലി ചെയ്താണ് വ്യാജമദ്യത്തിന്റെ വ്യാപനം ചെറുക്കുന്നതും ഇത് സംബന്ധമായ കേസുകളെടുക്കുന്നതുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുകയും ചില്ലറ വിദേശ മദ്യഷാപ്പുകള്‍ പ്രതിവര്‍ഷം കുറച്ചുകൊണ്ടുവരികയും ചെയ്യുന്നതോടെ സ്ഥിരം മദ്യപാനികള്‍ വ്യാജമദ്യത്തെ തേടിപ്പോകുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇതുവഴി വ്യാജമദ്യ ലോബി കേരളത്തില്‍ പിടിമുറുക്കുന്ന അവസ്ഥയുമുണ്ടാവും. ഈയൊരു സാധ്യത മുന്നില്‍ കണ്ട് എക്‌സൈസ് ഓഫീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തിയും എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം.
അബ്കാരി കേസുകള്‍ക്ക് പുറമെ, ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനവും വകുപ്പിന്റെ ചുമതലയില്‍ വന്നതോടെ ജോലിഭാരം പതിന്മടങ്ങ് വര്‍ധിച്ചതായാണ് ജീവനക്കാരുടെ പരാതി. ഓരോ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലും ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഒരു അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആറ് പ്രിവന്റീവ് ഓഫീസര്‍, 20 സിവില്‍ എക്‌സൈസ് ഓഫീസര്‍, ഒരു ഡ്രൈവര്‍ എന്നീ പാറ്റേണില്‍ ജീവനക്കാരെ നിയമിക്കണമെന്നും എല്ലാ ജില്ലകളിലും രണ്ട് വീതം ഹൈവേ പട്രോള്‍ യൂനിറ്റുകള്‍ രൂപവത്കരിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.