സദ്യ ഉണ്ണുന്ന വാഴയിലക്കും പൊള്ളുന്ന വില

Posted on: September 6, 2014 6:00 am | Last updated: September 6, 2014 at 12:42 am
SHARE

vazhayilaതിരുവനന്തപുരം : തൂശനിലയില്‍ സദ്യയുണ്ണാതെ ഓണമാഘോഷിക്കാന്‍ മലയാളിക്കാകില്ല. എന്നാല്‍ ഇത്തവണ പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയും തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലാണ്. ഓണമടുത്തതോടെയാണ് വാഴയിലക്ക് വില വര്‍ധിച്ചത്. 200 ഇലയടങ്ങിയ ഒരു കെട്ടിന് 800-900 രൂപ വരെയാണ് വില. ഒരു തൂശനിലക്ക് ഒന്നര രൂപയും മുഴുവന്‍ ഇലക്ക് രണ്ട് രൂപയുമാണ് ഇന്നലെ വരെയുള്ള വില. ഇന്നും നാളെയും അത് അഞ്ച് രൂപ വരെയാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ചിങ്ങ മാസത്തില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കൂടുതലായതിനാല്‍ വാഴയിലക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് വ്യാപാരികള്‍. സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ സദ്യവേണമെന്നതു നിര്‍ബന്ധമാണ്. അതിനാല്‍ ഹോട്ടലുടമകളും കാറ്ററിംഗ് സര്‍വീസുകാരും വാഴയിലക്കായി നെട്ടോട്ടമോടുകയാണ്. 10,000 മുതല്‍ 30,000 വരെ ഇലകള്‍ ഓണസമയത്ത് കൂടുതലായി വിറ്റുപോകാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
വാഴയിലക്കും തമിഴ്‌നാടിനെ തന്നെയാണ് കേരളം ആശ്രയിക്കുന്നത്. ഓണം മുന്നില്‍ കണ്ട് ഇലക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകരും തമിഴ്‌നാട്ടിലുണ്ട്. ഞാലിപ്പൂവന്‍, കര്‍പ്പൂരവല്ലി എന്നിവയാണ് ഇലക്ക് വേണ്ടി മാത്രം കൃഷിചെയ്യുന്നത്. ഓണക്കാലമെത്തിയതോടെ ഹോട്ടലുകളില്‍ സദ്യ വിളമ്പുന്നത് ഇലയിലായതിനാല്‍ ദിനം തോറും നൂറ് കണക്കിന് ലോഡ് വാഴയിലയാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുന്നത്. അതേ സമയം കനത്ത മഴയില്‍ കൃഷി നശിച്ചത് ഇല വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിലെ വാഴക്കൃഷിയിലുണ്ടായ കുറവും ഇലയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. നാട്ടിലെ തോട്ടങ്ങളില്‍ നിന്ന് ആവശ്യത്തിന് വാഴയില ഏര്‍പ്പാടാക്കിയാണ് സാധാരണ ഗതിയില്‍ ഈ സമയത്തെ വിലക്കയറ്റവും വാഴയില ക്ഷാമവും കച്ചവടക്കാര്‍ പിടിച്ചുനിര്‍ത്തി പോന്നിരുന്നത്. സംസ്ഥാനത്ത് പ്രധാനമായും വയനാട് ജില്ലയില്‍ നിന്നും തൃശൂര്‍ ജില്ലയിലെ പീച്ചി, പട്ടിക്കാട്, ചാലക്കുടി, മാന്ദമംഗലം എന്നിവിടങ്ങളില്‍ നിന്നും കോട്ടയം എറണാകുളം ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ നിന്നും ഇടുക്കിയില്‍ നിന്നുമാണ് വാഴയില എത്തിക്കാറ്. എന്നാല്‍ ഇക്കുറി കാലവര്‍ഷം ഏക്കറുകണക്കിന് വാഴത്തോട്ടങ്ങളില്‍ നാശം വിതച്ചതോടെ നാട്ടില്‍ നിന്നുള്ള വാഴയില ലഭ്യത വളരെക്കുറഞ്ഞു.
കേടായിപ്പോകും എന്നതിനാല്‍ മുന്‍കൂട്ടി ഇല സംഭരിച്ചു വെക്കുന്നതിനും വ്യാപാരികള്‍ക്ക് പരിമിതിയുണ്ട്. വാഴയിലക്ക് പകരമായി ഉപയോഗിക്കാവുന്ന പേപ്പര്‍ ഇലക്ക് വില കുറവാണ്. നൂറ് പേപ്പറിലക്ക് 65 രൂപ മുതല്‍ 80 രൂപവരെയാണ് വില. എന്നാല്‍ വാഴയിലയുടെ സ്ഥാനം തട്ടിയെടുക്കുവാന്‍ പേപ്പറിലക്ക് കഴിഞ്ഞിട്ടില്ല. പണ്ട് പറമ്പിലെ വാഴയില്‍ നിന്നും ഇലവെട്ടി ഉണ്ണുകയേ വേണ്ടൂ. എന്നാലിന്ന് കാശു മുടക്കി വാഴയിലപോലുംവാങ്ങി ഓണം ഉണ്ണേണ്ട ഗതികേടിലാണ് മലയാളികള്‍.