മുസാഫര്‍നഗര്‍: പണം നല്‍കി ബലാത്സംഗ കേസ് ഇല്ലാതാക്കാന്‍ ശ്രമം

Posted on: September 6, 2014 12:34 am | Last updated: September 6, 2014 at 12:35 am
SHARE

rapeമുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍, കേസ് പിന്‍വലിക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ബലാത്സംഗ ഇര. കലാപം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മുസാഫര്‍നഗര്‍ സന്ദര്‍ശിച്ച മാധ്യമ സംഘത്തോടാണ് ഇര ഇത് വെളിപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ മാല യാദവ് തന്നെ മലാക്പുര ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഒത്തുതീര്‍പ്പിന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഇര വെളിപ്പെടുത്തി. ഒരു വര്‍ഷം പിന്നിട്ടെങ്കിലും കേസില്‍ ഇതുവരെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് പ്രതികള്‍. കേസ് അവസാനിപ്പിക്കാന്‍ ഇരക്ക് പണം വാഗ്ദാനം ചെയ്തിട്ടുമുണ്ട് ഉദ്യോഗസ്ഥര്‍.
‘ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ പണം നല്‍കാമെന്ന് അവര്‍ പറഞ്ഞു. പക്ഷെ ഞാനതിന് തയ്യാറായില്ല. ഞാന്‍ പോരാടും. അതിന് കോടതി കയറാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും പോകും.’ ഇര പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് കലാപകാരികള്‍ ഇരച്ചെത്തുകയായിരുന്നു. ജീവനും കൊണ്ട് ഓടിയെങ്കിലും അക്രമികള്‍ ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. വ്യവസ്ഥിതിയിലെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇര പറഞ്ഞു. പോലീസിന്റെയും കുറ്റവാളികളുടെയും ഇടയില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
രജിസ്റ്റര്‍ ചെയ്ത ആറ് ബലാത്സംഗ കേസുകളില്‍ ആറ് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. 22 പേരെ ഒരു വര്‍ഷമായിട്ടും പിടികൂടിയിട്ടില്ല. തങ്ങളുടെ പരമാവധി ശ്രമിച്ചുവെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. പക്ഷപാത അന്വേഷണം ഇല്ലാതിരിക്കാന്‍ മുസാഫര്‍നഗറിന് പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. എന്നാല്‍, മുസാഫര്‍നഗര്‍ ഇരകള്‍ നീതിക്ക് വേണ്ടി ഇപ്പോഴും പോരാടുകയാണ്.